അമ്പലപ്പുഴ: കോവിഡ് കാലത്തെ നീണ്ട ഇടവേളയ്ക്കുശേഷം സ്കൂളും കോളേജും തുറന്നതോടെ ലഹരിമാഫിയ പിടിമുറുക്കുന്നു. കഴിഞ്ഞ ദിവസം വണ്ടാനം കോളേജിനു സമീപത്ത് നിന്ന് ഹാഷിഷ് ഓയിലുമായി യുവതിയെയും യുവാവിനെയും പോലീസ് പിടികൂടിയിരുന്നു.
കാൽ ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നാണ് ഇവരിൽ നിന്ന് കണ്ടെത്തിയത്. കാസർകോട് സ്വദേശി ഷിന്റാ മാത്യു, വണ്ടാനം പുതുവൽ നൗഫൽ എന്നിവരെ ചോദ്യം ചെയ്തപ്പോൾ ആഡ്രയിൽ നിന്നാണ് തങ്ങൾക്ക് ഹഷീഷ് കിട്ടുന്നതെന്നാണ് പോലിസിന് മൊഴി നൽകിയത്.
പ്രതികൾ റിമാൻഡിലാണ്. ഇത് ഒറ്റപെട്ട സംഭവം മാത്രമാണ്. എന്നാൽ വിദ്യാലയ പരിസരം കേന്ദ്രീകരിച്ചു കഴുകൻ കണ്ണുകളുമായി നിരവധി സംഘങ്ങളാണ് വട്ടമിട്ട് പറക്കുന്നത്.
ലഹരി മണക്കുന്ന ഇടവഴികൾ
സ്ക്കൂൾ പരിസരത്തെ ഇടവഴികളും ഇടറോഡുകളുമാണ് ഇവരുടെ താവളം. കഞ്ചാവ്, ലഹരി ഗുളിക , ഹഷിഷ്, പാൻ മസാല തുടങ്ങിയവയാണ് കുട്ടികളെ കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നത്. ഹൈസ്ക്കൂൾ തലം മുതൽ കോളേജ് വരെയുള്ള വിദ്യാർഥികളിൽ പലരും ഇന്ന് ഇവരുടെ അടിമകളാണ്.
ചെറുപ്പക്കാരുടെ സംഘങ്ങളാണ് മയക്കുമരുന്ന് ലോബിയുടെ പ്രധാന കണ്ണികൾ. ആർഭാട ജീവിതവും മുന്തിയ ഇനം ഇരുചക്ര വാഹനങ്ങളിൽ ചുറ്റിയടിക്കലുമാണ് ലഹരിവിൽപ്പനയ്ക്കു യുവാക്കളെ പ്രേരിപ്പിക്കുന്നത്.
ദേശിയ പാതയിലും ഇടറോഡിലും ചീറിപ്പായുന്ന ന്യൂജെൻ ബൈക്കുകൾ പലതും ഇതിന്റെ കണ്ണികളാണ്. എന്നാൽ ഇവരെ പിന്തുടരാൻ പോലിസും ഭയക്കുന്നു.
വന്പൻ സ്രാവുകൾ സുരക്ഷിതർ!
വല്ലപ്പോഴും കിട്ടുന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ലഹരിമാഫിയയിലെ ചെറു മീനുകളെ പിടികൂടുന്നതല്ലാതെ വമ്പൻ സ്രാവുകളെ തൊടാൻ പോലീസിനാകുന്നില്ല. കേരളത്തിന്റെ മലയോര പ്രദേശങ്ങളിൽ നിന്നാണ് ആലപ്പുഴ ജില്ലയിൽ കഞ്ചാവ് എത്തുന്നത്.
വൻ റാക്കറ്റുകളാണ് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്. ഇവർക്കു ഭരണ തലത്തിലും പോലിസിലെ ഉന്നതരുമായി വരെ ബന്ധമുണ്ടെന്നാണ് ആക്ഷേപം. അതുകൊണ്ടു തന്നെയാണ് ഇവരെ തൊടാൻ പോലിസും ഭയക്കുന്നത്. ചെറുകിട കച്ചവടക്കാരെ ആല്ലാതെ ഇതിന്റെ മൊത്തകച്ചവടക്കാരെ ആരെയും ഇതുവരെ പിടികൂടിയിട്ടില്ല.