വിഴിഞ്ഞം: കൈമാറാനായി അമ്മ കൊടുത്തയച്ച രണ്ടു കിലോ കഞ്ചാവുമായി ആവശ്യക്കാരനെ കാത്തുനിന്ന മകൻ പോലീസ് പിടിയിൽ. മകൻ പിടിയിലായതറിഞ്ഞ് അമ്മ ഒളിവിൽ പോയി. പൂവാർ മേലെ കൊട്ടാരക്കുന്ന് വീട്ടിൽ ഷിബിൻ (18) നെയാണ് പൂവാർ പോലീസ് കഞ്ചാവുമായി പിടികൂടിയത്.
ഷിബിന്റെ അമ്മ മിനി തമിഴ് നാട് കുഴിത്തുറയിൽനിന്ന് എത്തിച്ച കഞ്ചാവ് കൈമാറാനുള്ള ആളിനെയും കാത്ത് പൂവാർ ആറ്റുപുറം പാലത്തിന് സമീപം നില്‍ക്കവെയാണ് ഇന്നലെ ഉച്ചക്ക് ഒന്നരയോടെ യുവാവിനെ പോലീസ് പിടികൂടിയത്. സ്കൂൾ ബാഗിൽ കഞ്ചാവുമായി ഒരാൾ പൂവാറിലേക്ക് വരുന്നുവെന്ന രഹസ്യവിവരം സിഐ എസ്.വൈ.സുരേഷിന് ലഭിച്ചു.
സിഐയുടെ നിർദേശ പ്രകാരം എസ്ഐ സുജിതും എഎസ്ഐ ക്രിസ്റ്റി, സിപിഒമാരായ പ്രേമൻ, അജിത്ത്, ജയരാജ്, ഷൈജു, വിനീത് എന്നിവരടങ്ങിയ സംഘം നടത്തിയ തെരച്ചിലിലാണ് സംശയകരമായി റോഡരികിൽ നിൽക്കു കയായിരുന്ന ഷിബിനെ പിടികൂടിയത്.
ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. തമിഴ്നാട്ടിൽ പതിനയ്യായിരത്തോളം രൂപ വിലയുള്ള കഞ്ചാവിന് ഇവിടെ അൻപതിനായിരംരൂപ വരെ വില ലഭിക്കുമെന്നും വൻ ലാഭം പ്രതിക്ഷിച്ച് സ് കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് വിതരണം ചെയ്യാനാണ് ഇത്രയും കൂടുതൽ കഞ്ചാവ് എത്തിച്ചതെന്നും കരുതുന്നതായി പോലീസ് പറഞ്ഞു.
അമ്മയാണ് മറ്റാർക്കോ കഞ്ചാവ് കൈമാറാനായി തന്നെ ഏല്പിച്ചതെന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അമ്മ മിനിയെത്തേടി പോലീസ് വീട്ടിൽ എത്തിയെങ്കിലും മിനി പിടികൊടുക്കാതെ മുങ്ങി.