കാഞ്ഞിരപ്പള്ളി: സ്കൂൾ കോളജ് വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് കൂവപ്പള്ളിയിൽ പിടിയിലായ കഞ്ചാവ് സംഘം പ്രവർത്തിച്ചിരുന്നതെന്ന് പോലീസ്. ഒന്നര കിലോഗ്രാമിലേറെ കഞ്ചാവുമായി മൂന്നു യുവാക്കളെയാണ് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. കൂവപ്പള്ളി ആലംപരപ്പ് കോളനി പുത്തൻപുരയിൽ അനന്തു (20), ഇടശേരിമറ്റം രാഹുൽ (21), കാഞ്ഞിരപ്പള്ളി കെഎംഎ ഹാൾ ഭാഗത്ത് പള്ളിവീട്ടിൽ സിയാദ് (21) എന്നിവരാണ് പിടിയിലായത്.
കാഞ്ഞിരപ്പള്ളി, കൂവപ്പള്ളി മേഖലയിൽ കഞ്ചാവ് വിൽപ്പന വ്യാപകമാണെന്ന് നേരത്തെ തന്നെ നിരവധി തവണ പരാതി ഉയർന്നിരുന്നതാണ്. സ്കൂൾ കുട്ടികളെ കേന്ദ്രീകരിച്ചാണ് കഞ്ചാവ് മാഫിയ പ്രവർത്തിച്ചുവരുന്നത്. എന്നാൽ നാളിതുവരെ കാര്യമായ നടപടി എക്സൈസ്-പോലീസ് വിഭാഗങ്ങൾ സ്വീകരിച്ചിരുന്നില്ല.
ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന 1.65 കിലോഗ്രാം കഞ്ചാവുമായി കൂവപ്പള്ളി മലബാർ കവല ഭാഗത്തു നിന്നാണ് ഇവരെ ഇന്നലെ കാഞ്ഞിരപ്പള്ളി എസ്ഐ എ.എസ്.അൻസിലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വിൽപ്പനയ്ക്കായി കൊണ്ടുപോകുന്നതിനിടെ സംഘത്തെ പോലീസ് വിദഗ്ധമായി കുടുക്കുകയായിരുന്നു.
അനന്തു, സിയാദ് എന്നിവരുടെ പേരിൽ കഞ്ചാവ് വിൽപ്പനയ്ക്ക് എക്സൈസ് കേസ് നിലവിലുണ്ട്. രാഹുൽ മണിമല പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വാഹന മോഷണ കേസിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു.