കൊച്ചി: നിരോധിത പുകയില ഉത്പന്നങ്ങളും മയക്കുമരുന്നുകളുമായി ഏതാനും ദിവസങ്ങൾക്കുള്ളിൽ പോലീസിന്റെ വലയിലായത് 13 പേർ. എറണാകുളം നോർത്ത് പോലീസിന്റെ പരിശോധനയിലാണ് യുവാക്കളടക്കം ഇത്രയധികംപേർ കുടുങ്ങിയത്. ഒരു ലക്ഷം രൂപയോളം വിലമതിക്കുന്ന ഹാൻസുമായി രണ്ടുപേർ ഉൾപ്പെടെ മയക്കുമരുന്നു കേസിൽ ഇന്നലെമാത്രം പത്തുപേരെ നോർത്ത് പോലീസ് പിടികൂടി.
900 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നമായ ഹാൻസ് കൈമാറ്റം ചെയ്യുന്നതിനിടെ കലൂർ മണപ്പാട്ടിപ്പറന്പ് സ്വദേശി ചൂണ്ട ശിഹാബ് (30), പെരുന്പാവൂർ സ്വദേശി അജാസ് (27) എന്നിവരും കഞ്ചാവ് ഉപയോഗിച്ചതിനു വിവിധ സ്ഥലങ്ങളിൽനിന്നായി പാലാരിവട്ടം സ്വദേശി അഖിലേഷ് (20), ഇടപ്പള്ളി സ്വദേശികളായ കൃഷ്ണനുണ്ണി (25), വിനു ജയിംസ് (21), കോതാട് സ്വദേശി ടോണി (20), തൃപ്പൂണിത്തുറ സ്വദേശി അരവിന്ദ് ബാബു (21), വടുതല സ്വദേശി കളായ അമൽ അഗസ്റ്റിനെ (22), ജിതിൻ ജോസ് (21), തൃക്കാക്കര സ്വദേശി അജയ് ജോഷി (18) എന്നിവരെയുമാണ് പിടികൂടിയത്.
നഗരത്തിൽ ചെറുപ്പകാർക്കിടയിലും സ്കൂൾ വിദ്യാർഥികൾക്കിടയിലും കഞ്ചാവിൻറെയും മറ്റും ഉപയോഗം വ്യാപകമായതിനെത്തുടർന്നു നടത്തിയ പരിശോധനയിൽ നോർത്ത് എസ്ഐമാരായ വിബിൻദാസ്, അനസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ദിവസം 1000 പാക്കറ്റ് ഹാൻസുമായി മൂന്നുപേരെ നോർത്ത് പോലീസ് പിടികൂടിയിരുന്നു. ഇത്തരത്തിൽ നിരവധിപേരുടെ വിവരങ്ങൾ ലഭിച്ചതായും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും അധികൃതർ പറഞ്ഞു.