പത്തനംതിട്ട: തമിഴ്നാട് കമ്പത്തുനിന്നു കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കാര്‍ പോലീസിനെ വെട്ടിച്ചു കടന്നുവെങ്കിലും പിന്തുടര്ന്ന് പിടികൂടി.
ആറ് കിലോഗ്രാം കഞ്ചാവുമായി പത്തനംതിട്ട വെട്ടപ്രം സ്വദേശികളാണ് പിടിയിലായത്.ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തേതുടര്‍ന്ന്, കൂടല്‍ പോലീസ് കൈകാണിച്ചെങ്കിലും നിര്‍ത്താതെ പാഞ്ഞ കാറിനെ പിന്തുടര്ന്നെത്തി പത്തനംതിട്ട വെട്ടിപ്രത്ത് കുറുകെയിട്ട് പിടികൂടുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം.
രഹസ്യവിവരം
വലഞ്ചുഴി കുരുട്ടിമെര്‍ക്ക് വീട്ടില്‍ ഹാഷിം(32), വലഞ്ചുഴി പള്ളിമുരുപ്പേല്‍ വീട്ടില്‍ അഫ്സല് (27)എന്നിവരാണ് അറസ്റ്റിലായത്.
ലഹരി സംഘങ്ങളുമായി ബന്ധമുണ്ടെന്ന് വിവരം ലഭിച്ചതിനേത്തുടര്‍ന്ന് പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഇരുവരും.
കമ്പത്തുനിന്നു കഞ്ചാവുമായി കാര്‍ പുനലൂര്‍ വഴി പത്തനംതിട്ടയ്ക്കു വരുന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി കൂടല്‍ പോലീസിന് നല്കിയ നിര്‍ദേശത്തേതുടര്‍ന്ന് റോഡില്‍ നൈറ്റ് പട്രോളിംഗ്് സംഘം കൈകാണിച്ചെങ്കിലും നിര്‍ത്താതെ പാഞ്ഞ കാറിനെ പിന്തുടര്ന്നെത്തി സാഹസികമായി പിടികൂടുകയായിരുന്നു.
ഓവർടേക്ക് ചെയ്ത്…
കൂടല്‍ പോലീസ് പത്തനംതിട്ട പോലീസ് കണ്ട്രോള് റൂമിലേക്ക് വിവരം കൈമാറിയതിനെതുടര്‍ന്ന് പത്തനംതിട്ട എസ്ഐ രതീഷ് കുമാറിന്റെ നേതൃത്വത്തില്‍ സ്ഥലത്തെതിയ സംഘം വെട്ടിപ്രത്തു മറ്റൊരു റോഡിലേക്ക് തിരിയുന്നതിനിടെ, കൂടല്‍ പോലീസ് വാഹനം ഓവര്‍ടേക്ക് ചെയ്ത് മുന്നില്‍ കയറി. കാര്‍ പോലീസ് ജീപ്പിലിടിച്ചു നിന്നതിനെതുടര്‍ന്ന് പിന്‍വശത്തെ ചില്ല് തകര്‍ന്നു.
കാറിന്റെ മുന്‍ഭാഗത്ത് ഭാഗികമായി കെടുപാടു സംഭവിക്കുകയും ചെയ്തു. ജില്ലാ പോലീസ് ആന്റി നാര്‍കോട്ടിക് സ്പെഷല്‍ ഫോഴ്സ് ( ഡാന്‍സാഫ് ) സംഘത്തിലെ പോലീസുദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
രണ്ടുപേർ രക്ഷപ്പെട്ടു
കാറില്‍ നിന്നു രണ്ടുപേരെ പിടികൂടിയെങ്കിലും സംഘത്തിലെ മറ്റു രണ്ട് പേര് ഓടി രക്ഷപ്പെട്ടു. കാറിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. മറ്റു പ്രതികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.