കൊച്ചി/പെരുന്പാവൂർ: രണ്ടു വാഹനങ്ങളിൽനിന്നായി 120 കിലോ കഞ്ചാവുമായി പെരുന്പാവൂരിൽ പിടിയിലായ മൂന്നംഗ സംഘം കഞ്ചാവ് കച്ചവടത്തിന്റെ സംസ്ഥാനത്തെ മൊത്ത വിതരണക്കാരെന്നു പോലീസ്. എല്ലാ ജില്ലകളിലും ഏജന്റുമാരുള്ള ഇവരുടെ ശൃംഖല അതിവിപുലമാണെന്നു പോലീസ് കണ്ടെത്തി.
പിടിക്കപ്പെടാതിരിക്കാൻ കഞ്ചാവ് ഒന്നു മുതൽ മൂന്നു കിലോവരെയുളള പാക്കറ്റുകളാക്കി കൊറിയർ പാക്കറ്റുകളിൽ പൊതിഞ്ഞായിരുന്നു വിൽപ്പന. ആന്ധ്രയിൽനിന്ന് നേരിട്ട് കഞ്ചാവ് എത്തിച്ചിരുന്ന സംഘം മുന്പും കിലോ കണക്കിന് കഞ്ചാവ് എത്തിച്ചിരുന്നതായും പോലീസ് പറഞ്ഞു.
ആന്ധ്രയിൽനിന്ന് കഞ്ചാവുമായി എത്തവേയാണു സംഘം ഇന്നലെ പിടിയിലായതും. വാഹനത്തിലെത്തി ജംഗ്ഷനിൽ കാത്തുനിൽക്കുന്ന സംഘങ്ങൾക്ക് കഞ്ചാവ് പൊതികൾ കൈമാറിവരികയായിരുന്നു ഇവർ.
ഇതിനിടെയാണ് ഇടുക്കി ഉടുന്പൻചോല മൈലാടുംപാറ തേവരോലിയിൽ വീട്ടിൽ വിനോദ്(47), തൃശൂർ മുകുന്ദപുരം മുട്ടിത്തടി കുമാരപ്പിള്ളി വീട്ടിൽ ജോബി(37), കോട്ടയം കാഞ്ഞിരപ്പിള്ളി ചിറക്കടവ് ഇറത്തിൽ വീട്ടിൽ മാത്യു(44) എന്നിവരെ ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ എംസി റോഡിൽ വല്ലം ചൂണ്ടിയിൽവച്ച് പെരുന്പാവൂർ പോലീസ് പിടികൂടുന്നത്.
ഇവർ സഞ്ചരിച്ചിരുന്ന കാറും പിക്ക് അപ് വാനും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഹനങ്ങളിൽ പ്രത്യേകം തയാറാക്കിയ അറകളിൽ പാക്ക് ചെയ്ത് സൂക്ഷിച്ച നിലയിലായിരുന്ന കഞ്ചാവ്.
കഴിഞ്ഞ ദിവസം തൃശൂർ പുതുക്കാടുനിന്ന് പെരുന്പാവൂർ പോലീസ് പിടികൂടിയ കഞ്ചാവ് കേസിലെ പ്രതിയിൽനിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്നലത്തെ നടപടിയെന്നാണു വിവരം. കഴിഞ്ഞ ദിവസം പോലീസ് പെരുന്പാവൂർ മുതൽ തൃശൂർ വരെ പരിശോധന നടത്തിയെങ്കിലും ഒരാൾ മാത്രമാണ് പിടിയിലായിരുന്നത്.
തുടർ പരിശോധനകൾ നടത്തിവരുന്നതിനിടെയാണ് സംഘത്തെ ഇന്നലെ എംസി റോഡിൽവച്ച് പിടികൂടിയത്. ഇവർക്ക് കഴിഞ്ഞ ദിവസം പിടിയിലായ പ്രതിയുമായി ബന്ധമുണ്ടെന്നാണു നിഗമനം. പിടിച്ചെടുത്ത കഞ്ചാവ് കുന്നത്തുനാട് ഡെപ്യൂട്ടി തഹസീൽദാറുടെ സാന്നിധ്യത്തിൽ അളന്ന് തിട്ടപ്പെടുത്തിയശേഷമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.
സംഘത്തിന്റെ ഏജന്റുമാരെ സംബന്ധിച്ച വിവരങ്ങളും പോലീസിനു ലഭിച്ചിട്ടുണ്ടെന്നാണു വിവരം. ഇന്ന് ഉച്ചയ്ക്ക് പെരുന്പാവൂരിലെത്തുന്ന കൊച്ചി റൂറൽ എസ്പി എ.വി. ജോർജ് കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വ്യക്തമാക്കും. പിടിയിലായവരിൽ രണ്ടുപേർ നേരത്തെ പല തവണ കഞ്ചാവുമായി പോലീസ് പിടിയിലായിട്ടുണ്ട്.
ജാമ്യത്തിലിറങ്ങുന്ന പ്രതികൾ വീണ്ടും കഞ്ചാവ് കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു. പെരുന്പാവൂർ സിഐയുടെ ചുമതലയുള്ള ജെ. കുര്യാക്കോസ്, എസ്ഐ പി.എ. ഫൈസൽ തുടങ്ങിയവരുടെ നേതൃത്വത്തിലുളള വൻ പോലീസ് സംഘമാണ് കഞ്ചാവ് വേട്ടയ്ക്ക് നേതൃത്വം നൽകിയത്.