തൃശൂർ: കഞ്ചാവു വിൽപനക്കാ രായ മൂന്നു യുവാക്കളെ നാലു കിലോ കഞ്ചാവുമായി ജില്ലാ ക്രൈംബ്രാഞ്ച് സ്ക്വാഡ് പിടികൂടി. വെള്ളിക്കുളങ്ങര വലിയകത്ത് നജീബ് (18), പരിയാരം അറയ്ക്കൽ മാർട്ടിൻ (20), ചാലക്കുടി പരിയാരം തറയിൽ വിജീഷ് (32) എന്നിവരാണ് അറസ്റ്റിലായത്.
സിറ്റി പോലീസ് കമ്മീഷണർ യതീഷ്ചന്ദ്രയ്ക്കു ലഭിച്ച രഹസ്യവിവരപ്രകാരം പ്രതികളെ മൂന്നുദിവസമായി നിരീക്ഷിച്ചുവരികയായിരുന്നു. നജീബിന്റെ നേതൃത്വത്തിലായിരുന്നു കഞ്ചാവ് ജില്ലയിൽ എത്തിച്ചിരുന്നത്. തമിഴ്നാട്ടിലെ ഡിണ്ടിഗലിൽനിന്നു കഞ്ചാവ് ട്രെയിൻ മാർഗമാണ് ജില്ലയിലെത്തിക്കുന്നത്.
തുടർന്ന് ഒരു കിലോ, അരക്കിലോ പായ്ക്കറ്റുകളിലാക്കി ചെറുകിട വിൽപനക്കാർക്കു വൻ ലാഭത്തിനു വിൽക്കും. സ്കൂളിൽ പഠിക്കുന്പോൾതന്നെ കഞ്ചാവിന് അടിമയായ നജീബ് പിന്നീട് കഞ്ചാവുവിൽപന തൊഴിലായി തെരഞ്ഞെടുക്കുകയായിരുന്നു. ക്രൈം ബ്രാഞ്ച് എസിപി ബാബു കെ. തോമസ്, വെസ്റ്റ് സിഐ വി. ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.