കൊല്ലങ്കോട്: ടൗണിൽ വാഹനപരിശോധനയ്ക്കിടെ മൂന്നുകിലോ കഞ്ചാവ് ബൈക്കിൽ ഒളിപ്പിച്ചു കടത്തിയ രണ്ടുപേരെ കൊല്ലങ്കോട് എക്സൈസ് റേഞ്ച് അധികൃതർ പിടികൂടി. തൃശൂർ സ്വദേശികളായ മുണ്ടൂർ വേലൂർ കോട്ടൂരാൻ വീട്ടിൽ ആന്റോവിന്റെ മകൻ ഷാന്റോ (21), ചേരാമംഗലം മൈലാംകുളം തടത്തിൽ വീട്ടിൽ ശശിധരൻ മകൻ പ്രസാദ് (22) എന്നിവരാണ് പിടിയിലായത്.
ഇന്നലെ രാവിലെ 10.25 ന് കൊല്ലങ്കോട് ടൗണിലാണ് വാഹന പരിശോധന നടന്നത്. പ്രതികൾ കഞ്ചാവ് കടത്താൻ കെ.എൽ.08 ബി. ജെ. 4448 നന്പർ റോയൽ എൻഫീൽഡ് ബൈക്കും പിടിച്ചെടുത്തു. പഴനിയിൽനിന്നും മുപ്പതിനായിരം നല്കി വാങ്ങിയ കഞ്ചാവ് തൃശൂരിലെത്തിച്ച് ചില്ലറ വില്പന നടത്താനാണ് പ്രതികൾ ലക്ഷ്യമിട്ടിരുന്നത്. ഇതിൽ ഒന്നാം പ്രതി പ്രസാദ് തൃശ്ശൂരിൽ ഇരട്ട കൊലപാതക കേസിൽ പ്രതികൂടിയാണ്.
ഗോപാലപുരം ചെക്ക് പോസ്റ്റിൽ നിർത്താതെ വന്ന ബൈക്കാണ് കൊല്ലങ്കോട് പിടിയിലായത്. ഇൻസ്പെക്ടർ എസ്.ബാലഗോപാലൻ, അസിസ്റ്റന്റ് ഇൻസ്പെപെക്ടർ പി.സുരേഷ്, പ്രിവന്റീവ് ഓഫീസർമാരായ കെ.സി. രൂപേഷ്, ഗോപകുമാരൻ, എസ്.ജഗദീഷ്, ഗോവിന്ദാപുരം ചെക്ക് പോസ്റ്റ് പ്രിവന്റീവ് ഓഫീസർ രജീഷ് കുമാർ, സിഇഒമാരായ ഷെയ്ക്ക് ദാവൂദ്, ജോസ് പ്രകാശ്, മധുസൂദനൻ എന്നിവരാണ് കഞ്ചാവ് സംഘത്തെ പിടികൂടിയവരിലുണ്ടായ ജീവനക്കാർ.
അറസ്റ്റിലായ പ്രതിക്കളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.