കോട്ടയം: കൊലക്കേസിൽ ഇന്നു വിധി പറയാനിരിക്കെ പ്രതിയെ കഞ്ചാവുമായി എക്സൈസ് പിടികൂടി. വിദ്യാർഥികൾക്ക് വിൽക്കാൻ കൊണ്ടുവന്ന 40 പൊതി കഞ്ചാവുമായി പനച്ചിക്കാട് വെള്ളൂത്തുരുത്തി കുന്നേൽ ആഷ്ലി സോമനെയാണ് (മോനിച്ചൻ-38) എക്സൈസ് സിഐ രാഗേഷ് ബി. ചിറയത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഇന്നലെ ഉച്ചകഴിഞ്ഞ് കഞ്ഞിക്കുഴി പ്ലാന്റേഷൻ കോർപ്പറേഷനു സമീപത്തെ റെയിൽവേ മേൽപ്പാലത്തിന് അടിയിൽ നിന്നാണ് മോനിച്ചനെ എക്സൈസ് പൊക്കിയത്. സ്കൂൾ വിദ്യാർഥികൾക്ക് നൽകാനായി കഞ്ചാവുമായി മോനിച്ചൻ എത്തിയതറിഞ്ഞ് എക്സൈസ് സംഘം വളയുകയായിരുന്നു.
കഞ്ചാവ് പൊതി സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും എക്സൈസ് സംഘം കുറ്റിക്കാട്ടിൽ മറഞ്ഞിരുന്ന മോനിച്ചനെ പിടികൂടുകയായിരുന്നു. പ്രിവന്റീവ് ഓഫീസർ വിനോദ്, സിവിൽ ഓഫീസർമാരായ ബൈജുമോൻ, സുരേഷ്, സത്യൻ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.
പ്രതിയുടെ അടിവസ്ത്രത്തിൽനിന്ന് അഞ്ചു പൊതി കഞ്ചാവും ബാക്കിയുള്ളത് സമീപത്തെ കുറ്റിക്കാട്ടിൽനിന്നും കണ്ടെത്തി. മോനിച്ചൻ പ്രതിയായ കൊലക്കേസിന്റെ വിചാരണ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നടക്കുകയായിരുന്നു. വിധി പറയാനായി കേസ് ഇന്നത്തേക്ക് മാറ്റി വച്ചിട്ടുണ്ട്.
കൊലപാതകം, അടിപിടി, വീടാക്രമണം, പോലീസ്, എക്സൈസ് ഉദ്യോഗസ്ഥർക്കു നേരെ കുരുമുളക് സ്പ്രേ പ്രയോഗം, കഞ്ചാവ് വിൽപ്പന എന്നിവയടക്കം മോനിച്ചനെതിരെ 16 കേസുകൾ നിലവിലുണ്ട്.പരുത്തുംപാറയിൽ വീടിന് മുന്നിലിട്ട് തമിഴ്നാട് സ്വദേശിയായ അയൽവാസിയെ കുത്തിക്കൊന്ന കേസിലാണ് ഇന്നു വിധി പറയുന്നത്.