സ്വന്തം ലേഖകൻ
തലശേരി: തലശേരിയിൽ ബ്രൗൺഷുഗറുമായി പിടിയിലായ മുംബൈ മീരാ റോഡിലെ ഫായിസ് അഹമ്മദ് അബ്ദുൾ ഖാദർ (69) ലഹരി മാഫിയയിലെ മുഖ്യ കണ്ണി. കേരളത്തിലെ വിവിധ നഗരങ്ങളിലേക്ക് ബ്രൗൺഷുഗർ എത്തിക്കുന്നത് ഹൃദ്രോഗി കൂടിയായ അബ്ദുൾ ഖാദർ. ലഹരി എത്തിക്കേണ്ട സ്ഥലത്തെ കുറിച്ച് നിർദ്ദേശം ലഭിക്കുന്നത് മംഗളൂരുവിലെ അഞ്ജാത കേന്ദ്രത്തിൽ നിന്ന് . ബ്രൗൺഷുഗർ ലഭിക്കുന്നത് മുംബൈ പനവേലിൽ നിന്നും.
ഇയാൾ തലശേരിയിൽ ഇതുവരെ ബ്രൗൺ ഷുഗർ എത്തിച്ചത് മൂന്ന് തവണ. കേരളത്തിലെ മറ്റ് പല നഗരങ്ങളിലും ഇയാൾ ബ്രൗൺ ഷുഗർ എത്തിച്ചിട്ടുള്ളളതായി പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതായി പോലീസ്. ബൈപ്പാസ് സർജറിക്ക് വിധേയനായിട്ടുള്ള പ്രതിയെ പോലീസ് അതീവ ജാഗ്രരതയോടെയാണ് ചോദ്യം ചെയ്യുന്നത്.
എംബിബിഎസുകാരൻ കൂടിയായ തലശേരി എഎസ്പി അരവിന്ദ് സുകുമാർ ഇന്നലെ പ്രതിയെ ചോദ്യം ചെയ്യുന്നതിനിടയിൽ ഡോക്ടറുടെ റോളിലും എത്തി. പ്രതിയുടെ നെഞ്ചിൽ നീളത്തിൽ തുന്നി കെട്ടുകൾ കണ്ടതോടെയാണ് എ എസ് പി ഡോക്ടറുടെ റോളിൽ പ്രതിയായ രോഗിയെ വിശദമായി പരിശോധിച്ചത്. ഇതോടെയാണ് ഇയാൾ ബൈപ്പാസ് സർജറിക്ക് വിധേയനായിട്ടുള്ളതായി വ്യക്തമായത്.
നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന അബ്ദുൾ ഖാദർ മുപ്പത് വർഷം വിദേശത്ത് ജോലി ചെയ്തിരുന്നതായി പോലീസിനോട് പറഞ്ഞു. ഇയാൾക്ക് ഭാര്യയും ഒരു മകളുമുണ്ട്. മകൾ അമേരിക്കൻ കമ്പനിയിലാണ് ജോലി ചെയ്യുന്നതെന്നും പ്രതി പോലീസിനോട് പറഞ്ഞു. ഇയാൾ തലശേരിയിൽ ബ്രൗൺഷുഗർ നൽകുന്ന സംഘത്തെക്കുറിച്ചും പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.
പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കം. ആറു ലക്ഷം രൂപ വില വരുന്ന ബ്രൗൺഷുഗറുമായി അബ്ദുൾ ഖാദറിനെ എ എസ് പിയുടെ നിർദ്ദേശപ്രകാരം എസ് ഐ എ. അഷറഫ്, സ്പെഷ്യൽ ബ്രാഞ്ച് എ എസ് ഐ വിനോദ് , എഎസ് ഐ രാജീവൻ വളയം, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പുതുശേരി രാജീവൻ, എൻ.എ ശ്രീജേഷ്, മീറജ്, സുജേഷ് മനക്കര എന്നിവരടങ്ങിയ സംഘം ആസൂത്രിത നീക്കത്തിലൂടെയാണ് ഇന്നലെ വലയിലാക്കിയത്. തലശേരിയിൽ ആദ്യമായാണ് ഇത്രയധികം വിലവരുന്ന ബ്രൗൺഷുഗർ പിടികൂടിയിട്ടുള്ളത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തലശേരി എഎസ്പി അരവിന്ദ് സുകുമാറിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡ് അംഗങ്ങൾ ദിവസങ്ങളായി ഫായിസ് അഹമ്മദിന്റെ ഫോൺകോളുകൾ നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്ന് ഇന്നലെ രാവിലെ ഇയാൾ തലശേരിയിൽ എത്തുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ അടിസ്ഥാനത്തിൽ പോലീസ് റെയിൽവെ സ്റ്റേഷൻ മുതൽ ഇയാളെ പിൻതുടർന്ന് നഗരമധ്യത്തിലെ സ്വകാര്യ ഹോസ്പ്പിറ്റൽ കോമ്പൗണ്ടിൽ വച്ച് പിടികൂടുകയായിരുന്നു. 100 ഗ്രാമിലധികമുള്ള ബ്രൗൺഷുഗറാണ് പിടികൂടിയത്.