പാറശാല : ആന്ധ്രാപ്രാദേശിൽനിന്നും കടത്തിക്കൊണ്ടുവന്ന 13 .5 കിലോകഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വെള്ളറട സ്വദേശി അഭയനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
കർണാടകയിൽ നിന്നും ആന്ധ്രയിൽനിന്നും കൊറിയർ മാർഗം കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നുണ്ടെന്ന് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് തലവൻ ടി. അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പ്രദേശത്തെ മാറ്റാരുടെയെങ്കിലും മേൽവിലാസത്തിലേക്കു അവരുടെഅറിവില്ലാതെ കഞ്ചാവ് അയച്ചശേഷം മേൽവിലാസക്കാരനെന്ന വ്യാജേന കൊറിയർ സർവീസുകാരെ സമീപിച്ചു കൊറിയർ കൈപ്പറ്റുകയെന്ന പുതിയ മാർഗമാണ് സംഘം സ്വീകരിച്ചിരുന്നതെന്ന് അധികൃതർ പറഞ്ഞു.
ഇങ്ങനെ വാങ്ങിയ കഞ്ചാവ് വിതരണത്തിനായി ഇരു ചക്ര വാഹനത്തിൽ കൊണ്ട് പോകവേ പാറശാലക്കു സമീപം കുറുംകുട്ടിയിൽവച്ച് പ്രതിയെ പിടികൂടുകയായിരുന്നു. തിരുവനന്തപുരം ജില്ലയിലെ കഞ്ചാവ് വിതരണത്തിന്റെ പ്രധാന കണ്ണിയാണ് അഭയനെന്ന് എക്സൈസ് സംഘം പറഞ്ഞു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനികുമാർ, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ ടി. ആർ. മുകേഷ്കുമാർ, എസ്. മധുസൂദനൻ നായർ, പ്രിവന്റീവ് ഓഫീസർമാരായ അനിൽകുമാർ, മണികണ്ഠൻ നായർ, സിവിൽ എക്സൈസ് ഓഫീസർമാരായ വിപിൻ,വിശാഖ്, സുബിൻ, ബിജു, ഷാഹീൻ, എക്സൈസ് ഡ്രൈവർ അനിൽകുമാർ എന്നിവർ അറസ്റ്റിനു നേതൃത്വം നൽകി.