ചാലക്കുടി/കൊരട്ടി: കാടുകുറ്റിയിൽ കഞ്ചാവ് വില്പനയ്ക്കെത്തിയ ബിരുദവിദ്യാർഥി പോലീസ് പിടിയിലായി. പുത്തൻവേലിക്കര തുരുത്തിപ്പുറം കൈതത്തറ പുത്തൻവീട്ടിൽ അബിൻ ജോസഫി(20)നെയാണ് ചാലക്കുടി ഡിവൈഎസ്പി കെ.ലാൽജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്.
കാടുകുറ്റി ബസ് സ്റ്റാൻഡ് പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കാണപ്പെട്ട യുവാവിനെ പരിശോധിച്ചപ്പോഴാണ് ജിൻസിന്റെ പോക്കറ്റിൽനിന്നും കഞ്ചാവ് പൊതികൾ കണ്ടെത്തിയത്. ചാലക്കുടിയിലെ സ്വകാര്യ സ്ഥാപനത്തിലാണ് പഠിച്ചിരുന്നതെന്നും സേലത്തിനടുത്ത് ഒക്കിയാപെട്ടിയിൽനിന്നുമാണ് കഞ്ചാവ് വാങ്ങുന്നതെന്നും പോലീസിൽ സമ്മതിച്ചു.
കിലോയ്ക്ക് 7000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ചെറുപൊതികളാക്കി 500 രൂപയ്ക്കാണ് വിൽക്കുന്നതെന്നും യുവാവ് പറഞ്ഞു. കാടുകുറ്റിയിൽ ഇടപാടുകാരെ കാത്തുനിൽക്കുന്പോഴാണ് പോലീസിന്റെ പിടിയിലായത്. കുറച്ചു ദിവസങ്ങളായി പോലീസ് സംഘം മഫ്തിയിൽ ഈ പ്രദേശത്ത് രഹസ്യനിരീക്ഷണം നടത്തിവരികയായിരുന്നു.
കൊരട്ടി എസ്ഐ ബി.ബിനോയി, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയി പൗലോസ്, പി.എം.മൂസ, വി.യു.സിൽജൊ, എ.യു.റെജി, പി.ജെ.തോമസ് കൊരട്ടി സ്റ്റേഷനിലെ വനിതാ സീനിയർ സിപിഒ ത്രേസ്യ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി കെ.പി.വിജയകുമാറിന്റെ നിർദേശം അനുസരിച്ച് ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ലഹരിമരുന്നുകളുടെ വിപണനവും ഉപയോഗവും തടയുന്നതിനു രൂപീകരിച്ച പദ്ധതി പ്രകാരം നടത്തിയ അന്വേഷണത്തിൽ വെള്ളിക്കുളങ്ങരയിലും ചാലക്കുടിയിലുമായി മൂന്നുപേർ പിടിയിലായി.