കോഴിക്കോട് : റോഡില്‍ തെന്നിവീണ ബൈക്ക് യാത്രികനെ പൊക്കിയപ്പോള്‍ പോലീസിന് ലഭിച്ചത് രണ്ട് കിലോ കഞ്ചാവ് ! സംഭവവുമായി ബന്ധപ്പെട്ട് പള്ളിക്കടവ് കണ്ണച്ചോത്ത് അഫലഹ് (24) നെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് കിലോ കഞ്ചാവും പോലീസ് പിടിച്ചെടുത്തു. ഇക്കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. മാവൂര്‍ എസ്ഐ ഗണേഷ് കുമാറിന്റെ നേതൃത്വത്തില്‍ മാവൂര്‍ ഊര്‍ക്കടവ് പാലത്തിനു സമീപത്ത് വാഹന പരിശോധനക്കിടെയാണ് പ്രതിയെ പിടികൂടിയത്.
കായലം ഭാഗത്തു നിന്നും ബൈക്കില്‍ വന്ന പ്രതി പോലീസിനെ കണ്ട് വേഗത്തില്‍ തിരിച്ച് പോകാന്‍ ശ്രമിക്കുന്നിടെ റോഡില്‍ തെന്നി വീഴുകയായിരുന്നു. സംഭവം കണ്ട പോലീസ് ഓടിയെത്തി ഇയാളെ പിടികൂടി പരിശോധിച്ചപ്പോഴാണ് ബൈക്കിന്റെ ഹാന്‍ഡിലില്‍ തൂക്കിയിട്ട കവറില്‍ രണ്ട് കിലോ കഞ്ചാവ് കണ്ടത്തിയത്. അന്വേഷണത്തില്‍ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും കഞ്ചാവ് എത്തിച്ചു നല്ക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് അഫ്ലഹ് എന്ന് പോലീസിന് വ്യക്തമായി.
തമിഴ്നാട്ടിലെ മധുര, തേനി, തിരിപ്പൂര് ഭാഗങ്ങളില്‍ നിന്നാണ് ഇയാള്‍ കഞ്ചാവ് കേരളത്തില്‍ എത്തിക്കുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്നത് തടയിടാനുള്ള ശക്തമായ നടപടികള്‍ സ്വീകരിച്ചു വരികയാണന്ന് ഡന്‍സാഫിന്റെ ചുമതലയുള്ള നാര്‍ക്കോട്ടിക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എസ്. ഷാജി അറിയിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മൂന്ന് കിലോഗ്രാം കഞ്ചാവ് സഹിതം അന്യസംസ്ഥാന തൊഴിലാളിയേയും ഒരു കിലോയിലധികം കഞ്ചാവുമായി പയ്യാനക്കല്‍ സ്വദേശിയെയും ഡന്‍സാഫിന്റെ സഹായത്തോടെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
എഎസ്ഐ സതീശന്, സിപിഒമാരായ അരവിന്ദന് , പ്രസാദ്, ജില്ലാ ആന്റി നാര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ മുനീര്‍ , മുഹമ്മദ് ഷാഫി, സജി, അഖിലേഷ്, കെ.എ. ജോമോന് , എന്‍. നവീന്‍ , രജിത്ത്ചന്ദ്രന്‍, എം. ജിനേഷ്, എ.വി. സുമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.