കോതമംഗലം: വാഹന പരിശോധനയ്ക്കിടെ കഞ്ചാവുമായി യുവാവ് പിടിയിൽ. രക്ഷപ്പെടാനായി പ്രതി പോലീസിനുനേരേ കുരുമുളക് സ്പ്രേ നടത്തി. പെരുന്പാവൂർ ഐരാപുരം മമ്മാൻപറന്പിൽ അജിംസിനെ(24) ആണ് ഒന്നരകിലോ കഞ്ചാവുമായി കോതമംഗലം പോലീസ് പിടികൂടിയത്. വാഹന പരിശോധനയ്ക്കിടെ ഇന്നലെ വൈകുന്നേരം അഞ്ചിന് കോഴിപ്പിള്ളി കവലയിലാണ് അജിംസ് പിടിയിലായത്.
ബൈക്കിൽ കഞ്ചാവുമായി പോകുന്നതിനിടെ വാഹനപരിശോധനയ്ക്കു പോലീസ് കൈകാണിച്ചു. പോലീസിന്റെ പിടിയിലാകുമെന്ന് ഉറപ്പായതോടെ കുരുമുളക് സ്പ്രേ പ്രയോഗിച്ച് രക്ഷപ്പെടാൻ അജിംസ് ശ്രമിക്കുകയായിരുന്നു. പ്രതി കുരുമുളക് സ്പ്രേ ഉപയോഗിക്കുന്നത് മനസിലാക്കിയ പോലീസുകാർ കണ്ണടച്ചു. ഇതിനിടെ പ്രതി ബൈക്കിൽ കടന്നുകളയാൻ ശ്രമം നടത്തി. പിന്തുടർന്ന പോലീസ് ബലപ്രയോഗത്തിലൂടെ പ്രതിയെ കീഴപ്പെടുത്തുകയായിരുന്നു.
നെല്ലിക്കുഴി ഭാഗത്തേക്കു കഞ്ചാവുമായി പ്രതി ബൈക്കിൽ പോകുന്നതായി പോലിസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വാഹന പരിശോധന. കോതമംഗലം എസ്ഐ ബേസിൽ തോമസ്, കൃഷ്ണലാൽ, ഉബൈസ്, ജോബി, ജീമോൻ, നൗഷാദ്, രഘു, വിനാഷ്, അജീഷ്, നിജു ഭാസ്ക്കർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ആവശ്യാനുസരണം അര കിലോ ഒരു കിലോ രണ്ടു കിലോ പായ്ക്കറ്റുകളിലായി കഞ്ചാവ് വിൽപന നടത്തുന്നയാളാണ് പ്രതിയെന്നു പോലീസ് പറഞ്ഞു.
സ്കൂൾ, കോളജ് വിദ്യാർഥികൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കുമാണ് കഞ്ചാവ് വിൽപന നടത്തിവരുന്നത്. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ ചെറുകിട കച്ചവടക്കാർക്ക് കഞ്ചാവ് എത്തിച്ച് നൽകുന്ന സംഘത്തിലെ കണ്ണിയുമാണ് അജിംസ് എന്നു പോലീസ് പറഞ്ഞു. നെല്ലിക്കുഴിയിൽനിന്ന് നേരത്തെ പിടിയിലായ അന്യസംസ്ഥാന തൊഴിലാളിയിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് കഞ്ചാവ് വേട്ടയിലെത്തിച്ചത്.
വിദ്യാസന്പന്നനായ അജിംസ് ആർഭാട ജീവിതത്തിനുവേണ്ടിയാണു കഞ്ചാവ് കച്ചവടത്തിനിറങ്ങിയതെന്നു പോലീസ് പറഞ്ഞു. മൂന്നു കേസിലെ പ്രതിയാണ്. കോതമംഗലം പോലീസ് സമീപകാലത്ത് ഇരുപത്തിയഞ്ചോളം കഞ്ചാവ് കേസുകളാണ് ചാർജ് ചെയ്തത്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.