കൊടുങ്ങല്ലൂർ: വാടക വീട് വളഞ്ഞ് കഞ്ചാവ് സംഘത്തെ പൊക്കി എക്സൈസ്. ഒരാൾ ഓടി രക്ഷപ്പെട്ടു. ഒന്നരകിലോ കഞ്ചാവും ആഡംബര ബൈക്കുകളും പിടിച്ചെടുത്തു.എറിയാട് ഇല്ലിച്ചോട് സ്വദേശി മരോട്ടിക്കപ്പറന്പിൽ അൽഅമീൻ (24)നെയാണ് കൊടുങ്ങല്ലൂർ എക്സൈസ് ഇൻസ്പക്ടർ ഷാം നാഥും സംഘവും അറസ്റ്റു ചെയ്തത്.
എറിയാട് അബ്ദുള്ള റോഡിനു വടക്കുവശം എടവിലങ്ങ് സ്വദേശി മണ്ണാംപറന്പിൽ വിഷ്ണു വാടകയ്ക്കെടുത്ത വീട്ടിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. എക്സൈസ് സംഘം വീട് വളയുന്നതിനിടെ ഒരാൾ ഓടി രക്ഷപെടുകയും മറ്റെയാൾ വീട്ടിനുളിൽ അകപ്പെടുകയുമായിരുന്നു.
വീട് തുറക്കാനാകാതെ വന്നതോടെ നാട്ടുകാരുടെയും പഞ്ചായത്ത് മെന്പർമാരുടെയും സാന്നിധ്യത്തിൽ വാതിൽ ബലം പ്രയോഗിച്ച് തുറന്ന് അകത്തു കടന്നാണ് ഉള്ളിലുണ്ടായിരുന്ന പ്രതിയെ കീഴ്പ്പെടുത്തിയത്. കുറച്ച് കഞ്ചാവ് ക്ലോസറ്റിൽ ഇട്ട് നശിപ്പിക്കാൻ പ്രതി ശ്രമിച്ചിരുന്നതായി എക്സൈസ് സംഘം പറഞ്ഞു.
അഞ്ചപ്പാലം പുതുവൽ പുരയിടത്തിൽ അജ്മൽ എന്നയാളാണ് ഓടിരക്ഷപെട്ടതെന്നും ചില്ലറ വില്പനയ്ക്കായി കഞ്ചാവ് ചെറു പൊതികളാക്കികൊണ്ടിരിക്കുകയായിരുന്നു എന്നും ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി എസ്ഐ പറഞ്ഞു. ഇവർ വന്ന ബൈക്കുകളും കഞ്ചാവ് ഒളിപ്പിച്ച നിലയിലായതിനാൽ ബൈക്കുകളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
വാടക വീട്ടിൽ താമസിക്കുന്ന വിഷ്ണുവിന്റെ ഒത്താശയോടെ മൂന്നുപേരും കഞ്ചാവിന്റെ കൂട്ടുകച്ചവടമായിരുന്നു നടത്തിയിരുന്നത്. സംഭവ സമയത്ത് വീട്ടിൽ ഇല്ലാതിരുന്ന വിഷ്ണുവിന്റെയും ഓടി രക്ഷപെട്ട അജ്മലിന്റെയും പേരിൽ കേസ് എടുത്തിട്ടുണ്ട്.
എക്സൈസ് ഉദ്യോഗസ്ഥരായ പി.വി. ബെന്നി, കെ. ബാബു, ജീവേഷ്, കെ.എം. പ്രിൻസ്, ടി.കെ. അബ്ദുൽ നിയാസ്, അഫ്സൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.