കൊച്ചി: ആലുവ മാര്‍ക്കറ്റ്, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, റെയില്‍വേ സ്റ്റേഷന് പരിസരങ്ങളില്‍ കഞ്ചാവ് വില്പന നടത്തി വന്നിരുന്നയാള്പിടിയിൽ. കരുമാലൂര്‍ മില്ലുംപടി തേവക്കാട്ടിൽ അഖില്‍ (21) ആണ് ആലുവ റേഞ്ച് എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ പക്കൽനിന്ന് 25 ചെറിയ പോളിത്തീന്‍ കവറുകളിൽനിന്നായി 65 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പിടിച്ചുപറി, അടിപിടി തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളിലും മയക്കുമരുന്ന് കേസുകളിലും ഇയാള്‍ പ്രതിയാണ്.
മാര്‍ക്കറ്റിലും പരിസരങ്ങളിലുമുള്ള ഇതരസംസ്ഥാനക്കാര്ക്കിടയിലാണ് ഇയാള്‍ പ്രധാനമായും കഞ്ചാവ് വിറ്റിരുന്നത്. തമിഴ്നാട്ടിലെ നാമക്കല്ലില്‍നിന്ന് ട്രെയിന്‍ മാര്‍ഗം എത്തിച്ചിരുന്ന കഞ്ചാവ് ഒരു പായ്ക്കറ്റിന് 500 രൂപയ്ക്കായിരുന്നു വിൽപന. ബാഗില്‍ രഹസ്യ അറ നിര്‍മിച്ച് അതില്‍ കഞ്ചാവ് നിറച്ച് ട്രെയിനിലെ ഏതെങ്കിലും ഒരു കന്പാർട്ടുമെന്റില്‍ വച്ചശേഷം ഇയാള്‍ മറ്റേതെങ്കിലും കന്പാട്ട്മെന്റില് യാത്ര ചെയ്യും.
ബാഗ് പരിശോധനയ്ക്ക് വിധേയമായാലും പിടിക്കപ്പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. റെയില്‍വേ സ്റ്റേഷനുകളില്‍ പരിശോധന കര്‍ശനമായത് കാരണം ആലുവ റെയില്‍വേ സ്റ്റേഷന് എത്തുന്നതിന് മുമ്പ് സ്റ്റേഷന് സമീപം കാണുന്ന കുറ്റിക്കാട്ടിലേക്കു കഞ്ചാവ് അടങ്ങിയ ബാഗ് വലിച്ചെറിയും.
രാത്രി വൈകി തിരക്കെല്ലാം ഒഴിയുമ്പോള്‍ കഞ്ചാവ് എടുത്ത് കൊണ്ട് പോകുന്നതാണ് ഇയാളുടെ രീതി. രഹസ്യ വിവരം ലഭിച്ചതിനന്റെ അടിസ്ഥാനത്തില്‍ ആലുവ സീമാസ് തുണിക്കടയുടെ സമീപം കഞ്ചാവുമായി നിന്നിരുന്ന ഇയാളെ ആലുവ റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.കെ. ഗോപിയുടെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രതിയെ ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.