മുണ്ടക്കയം: വെള്ളവും വളവും നൽകി വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവിനെ എക്സൈസ് സംഘം പിടികൂടി. കഞ്ചാവ് ചെടി പൂത്ത് വിളവെടുപ്പിനായി തയാറാക്കുന്നതിനിടയിലാണ് എക്സൈസ് പിടികൂടിയത്. മുണ്ടക്കയം ചിറ്റടിക്കരയിൽ പുതിയടത്ത് വീട്ടിൽ അഖിൽ ശ്രീകുമാറി (27) നെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് അഖിലിനെ അറസ്റ്റ് ചെയ്തത്. വെള്ളവും വളവും നൽകി വളർത്തിയ ചെടിയ്ക്ക് 193 സെന്റീമിറ്റർ ഉയരം ഉണ്ടായിരുന്നു.
മുണ്ടക്കയം മേഖലയിൽ കോളജ് വിദ്യാർഥികൾക്ക് കന്പത്തു നിന്ന് കഞ്ചാവ് എത്തിച്ച് വിതരണം നടത്തുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് കോട്ടയം നാർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ്
സർക്കിൽ ഇൻസ്പെക്ടർ ടി.വി. ദിവാകരനും സംഘവും അഖിലിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വീടിന്റെ പുറകിൽ നിന്നും കഞ്ചാവ് ചെടി കണ്ടെത്തിയത്. തമിഴ് നാട്ടിൽ നിന്നും എത്തിച്ച് ചെടി പ്രതി മറ്റാരും കാണാതെ വളർത്തുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.