കൊച്ചി: മൂന്നേമുക്കാൽ കിലോ ഗ്രാം കഞ്ചാവുമായി പോലീസ് പിടികൂടിയ പ്രതികളെ റിമാൻഡ് ചെയ്തു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ്. സുരേന്ദ്രന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ഓപ്പറേഷൻ കിംങ് കോബ്രയുടെ ഭാഗമായി സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്ത കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി റാഷിദ് അലി (22), കുതിരവട്ടം സ്വദേശി സോഹൻ (22) എന്നിവരെയാണു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
ഇരുവരെയും എറണാകുളം ബോട്ട്ജെട്ടിക്ക് സമീപത്തുനിന്നുമായിരുന്നു പിടികൂടിയത്. തമിഴ്നാട് സേലത്തുനിന്നും കിലോയ്ക്ക് 8000 രൂപ നിരക്കിൽ കഞ്ചാവ് വാങ്ങി കൊച്ചിയിൽ എത്തിച്ച് വൻ ലാഭത്തിൽ വിദ്യാർഥികൾക്കും യുവാക്കൾക്കുമിടയിൽ ഡിജെ പാർട്ടികൾക്കായി വിതരണം നടത്തിവരികയായിരുന്നു പ്രതികളെന്നു പോലീസ് പറഞ്ഞു.
സെൻട്രൽ സർക്കിൾ ഇൻസ്പെക്ടർ വി.എന്. നവാസ്, എസ്ഐമാരായ സാജൻ, ബാബു, എഎസ്ഐ അരുൾ, സീനിയർ സിപിഒ പ്രദീപ്, സിവിൽ പോലീസ് ഓഫീസർമാരായ രഞ്ജിത്, മുഹമ്മദ് ഇസ്ഹാക്ക് എന്നിവർ ചേർന്നാണു പ്രതികളെ പിടികൂടിയത്.
ഓപ്പറേഷൻ കിംങ് കോബ്രയുടെ ഭാഗമായി പോലീസ് നടത്തിവരുന്ന പരിശോധനകളിൽ ഇതിനോടകം നിരവധിപേർ കഞ്ചാവുമായി പിടിയിലായിരുന്നു. കഴിഞ്ഞ ആഴ്ചയാണു കാസർഗോഡ് സ്വദേശികളെ 12 കിലോ കഞ്ചാവുമായി സെൻട്രൽ പോലീസ് പിടികൂടിയത്.