കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ നാലു യുവാക്കൾ കഞ്ചാവ് എത്തിച്ചത് സ്കൂൾ, കോളജ് വിദ്യാർഥികളെ ലക്ഷ്യമിട്ട്.
കാഞ്ഞിരപ്പള്ളി പട്ടിമറ്റം ചാവടിയിൽ അൽത്താഫ് നൂഹ് (24), മുണ്ടക്കയം കൂട്ടിക്കൽ കരിപ്പായിൽ ഇബ്രാഹിം റസാഖ് (21), പാറത്തോട് ഇടക്കുന്നം വലിയവീട്ടിൽ വി.ആർ. പ്രജിത്ത് (23), കൊക്കയാർ നാരകംപുഴ ആറ്റുപുറത്ത് സിനാജ് (38) എന്നിവരാണ് രണ്ടു കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിലായത്.
സിനാജ്, അൽത്താഫ് എന്നിവർ മുന്പും കഞ്ചാവ്, ബൈക്ക് മോഷണ കേസുകളിൽ പ്രതികളാണ്. സ്കൂൾ, കോളജുകൾ തുറന്നതോടെയാണ് വിദ്യാർഥികൾക്കു വില്പന നടത്തുന്നതിനു വേണ്ടിയാണ് ഇവർ കന്പത്തു നിന്നും കഞ്ചാവ് എത്തിച്ചത്.
അവിടെനിന്നും 9000 രൂപയ്ക്കാണ് കഞ്ചാവ് വാങ്ങിയത്. തുടർന്നു മുണ്ടക്കയത്തു നിന്നും വാടകയ്ക്കെടുത്ത കാറിൽ കാഞ്ഞിരപ്പള്ളിയിലേക്ക് എത്തിക്കുകയായിരുന്നു.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ പുലർച്ചെ മൂന്നോടെ കാഞ്ഞിരപ്പള്ളി കുരിശുങ്കൽ ജംഗ്ഷനിൽ നിന്നാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളും കാഞ്ഞിരപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫീസർ സിബി തോമസിന്റെ നേതൃത്വത്തിലുള്ള പോലീസും ചേർന്ന് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.