ആലുവ: നാലു കിലോ കഞ്ചാവുമായി ആന്ധ്രാപ്രദേശ് സ്വദേശി ആലുവയിൽ എക്സൈസിന്റെ പിടിയിലായി. വിശാഖപട്ടണം മുച്ചങ്കിപുട്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ പൂർണചന്ദറാണ് (32) പിടിയിലായത്. ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിയ യുവാവ് കഞ്ചാവ് കൈമാറുന്നതിനായി ഇടപാടുകാരനെ കാത്തു നിൽക്കുന്പോഴാണ് എക്സൈസ് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ എൻ.പി. സുദീപ്കുമാർ അറസ്റ്റു ചെയ്തത്.
കന്പ്യൂട്ടർ ബിരുദധാരിയായ യുവാവ് വിശാഖപട്ടണത്തുനിന്നു ചൊവ്വാഴ്ച പുറപ്പെട്ട് ഇന്നലെ സന്ധ്യയോടെ ആലുവയിലെത്തുകയായിരുന്നു. കിലോക്ക് 3000 രൂപയ്ക്ക് ആന്ധ്രയിൽനിന്നു ലഭിക്കുന്ന കഞ്ചാവ് 15000 രൂപയ്ക്കു വിൽപന ഉറപ്പിച്ചാണ് യുവാവ് എത്തിയത്. ഇടപാടുകാരെക്കുറിച്ചുള്ള വിവരം എക്സൈസിന് ലഭിച്ചിട്ടുണ്ട്.
കേസുമായി ബന്ധമുള്ളവരെ അറസ്റ്റു ചെയ്യാനുള്ള നടപടിയെടുത്തുവരികയാണെന്ന് എക്സൈസ് അറിയിച്ചു. പ്രിവന്റീവ് ഓഫീസർ എ.എസ്. ജയൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.എക്സ്. റൂബൻ, കെ.എം. റോബി, എൻ.ജി. അജിത്കുമാർ, വി.എൽ. ജിമ്മി, പി.ഇ. ഉമ്മർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.