കൊച്ചി: തമിഴ്നാട്ടിൽനിന്നു കഞ്ചാവുമായി കൊച്ചിയിലെത്തിയ തമിഴ് ദന്പതികൾ അറസ്റ്റിൽ. അന്പലമേട് അമൃതകുടീരം കോളനിയിൽ അരുൾ(24), ഭാര്യ വിനോദിനി (20) എന്നിവരാണ് കഞ്ചാവ് ഇടനിലക്കാർക്കു കൈമാറാൻ കാത്തുനിൽക്കുന്നതിനിടെ എറണാകുളം ടൗണ്‍ സൗത്ത് പോലീസിന്റെ പിടിയിലായത്. ഇവരിൽനിന്ന് രണ്ടരക്കിലോ കഞ്ചാവു കണ്ടെടുത്തു.
ഇന്നലെ രാവിലെ സൗത്ത് മേൽപ്പാലം-അവന്യു റോഡിൽ ഹൗസിംഗ് ബോർഡ് ഓഫിസിന് സമീപത്തു നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അരുളിന്റെ പക്കൽ 1.20 കിലോ ഗ്രാം കഞ്ചാവും വിനോദിനിയുടെ കൈവശം 1.30 കിലോ ഗ്രാം കഞ്ചാവും ഉണ്ടായിരുന്നു.
ഈറോഡിൽ പെയിന്റിംഗ് തൊഴിലാളിയായിരുന്ന അരുൾ അവിടെ ജോലിയെടുക്കുന്പോഴാണു വിനോദിനിയെ വിവാഹം കഴിച്ചത്.
തുടർന്നു നാട്ടിലെത്തിയ ഇയാൾ സ്ഥിരമായി തമിഴ്നാട്ടിൽ നിന്നു കഞ്ചാവു കടത്തി ജില്ലയിൽ ഇടനിലക്കാർക്കു വിതരണം ചെയ്യുകയായിരുന്നു. ആർക്കും സംശയം തോന്നാതിരിക്കാൻ വേണ്ടിയാണ് ഇയാൾ ഭാര്യയ്ക്കൊപ്പം തമിഴ്നാട്ടിൽ പോയി കഞ്ചാവുമായി മടങ്ങിയിരുന്നത്. കിലോയ്ക്കു 5,000 രൂപയ്ക്കു തമിഴ്നാട്ടിൽ നിന്നു വാങ്ങുന്ന കഞ്ചാവ് ഇവിടെ പതിന്മടങ്ങു വിലയ്ക്കാണു വിറ്റിരുന്നത്.
കഞ്ചാവു പൊതികൾ വിതരണം ചെയ്തതിന് അരുളിനെ മുന്‍പ് അന്പലമേട് പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. തമിഴ്നാട് കേന്ദ്രീകരിച്ചു കേരളത്തിൽ കഞ്ചാവ് വിതരണം ചെയ്യുന്ന സംഘങ്ങൾ ദന്പതികളെ ലഹരിക്കടത്തിനു കരുവാക്കിയതാണെന്നു സംശയമുയർന്നിട്ടുണ്ട്. സൗത്ത് സിഐ സിബി ടോം, എസ്ഐ ദ്വിജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.