ആറ്റിങ്ങല്‍: മാരകായുധങ്ങളുമായി ബൈക്കില്‍ കഞ്ചാവ് കടത്തിയ സംഘത്തെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
ചിറയിന്‍കീഴ് അഴൂര്ഭഗവതീക്ഷേത്രത്തിന് സമീപം വിളവീട്ടില്‍ ആര്. രാജേഷ് (32), ഇടയ്ക്കോട് ഊരുപൊയ്ക തെക്കതില്‍ ക്ഷേത്രത്തിന് സമീപം പുളിയില്ക്കണ്ടിവീട്ടില് വിനീത് (25), ചെമ്പകമംഗലം വൈഎംഎ ജംഗ്ഷന് പ്രതീഷ്ഭവനില്‍ പ്രതീഷ് (20) എന്നിവരാണ് ആറ്റിങ്ങല്‍ എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
ബൈക്കില്‍ കഞ്ചാവുമായി പോകുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അഴൂര്‍ റെയിവേഗേറ്റിന് സമീപം നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഒരു കിലോ നൂറ് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇവരില്‍ നിന്ന് അഞ്ച് നാടന്‍ബോംബ്, മഴു, വാക്കത്തി എന്നിവയും കണ്ടെടുത്തു.
ആറ്റിങ്ങല്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ആര്. രാജേഷിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ സുരേഷ്കുമാര്‍, ബിനുതാജുദ്ദീന്, സിഇഒമാരായ വിനു, ഹാഷിം, ബിനു, അജിത്കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
ചിറയിന്‍കീഴ് താലൂക്കിലെ സ്കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തുന്നവരാണിവരെന്ന് അധികൃതര്‍ പറഞ്ഞു. കൊലപാതകമുള്‍പ്പെടെയുള്ള കേസുകളില്‍ പ്രതികളാണ് അറസ്റ്റിലായവര്‍.