മുക്കം: കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന അന്തർ സംസ്ഥാന കഞ്ചാവ് സംഘത്തിലെ പ്രധാന കണ്ണി മുക്കത്ത് പിടിയിലായ സംഭവത്തിൽ അന്വേഷണം പുതിയ ദിശയിൽ. പിടിയിലായ കർണ്ണാടക ബൈരകുപ്പ സ്വദേശി രാജൻ ഒരു കൊലപാതക കേസിലും ആന കൊമ്പ് വിൽപ്പന കേസിലും പ്രതിയാണന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മറ്റു കേസുകൾ ഉണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.
കർണ്ണാടകയിലെ എച്ച്ഡി.കോട്ട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവൻ മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണിയാൾ. മുക്കം എസ്ഐ കെ.പി.അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഒന്നര കിലോ കഞ്ചാവുമായി കർണ്ണാടക ബൈരക്കുപ്പ സ്വദേശിയായ രാജൻ (42) അഗസ്ത്യൻ മുഴി പാലത്തിന് സമീപത്ത് വെച്ച് ഇന്നലെ വൈകിട്ട്പിടികൂടിയത്.
കോഴിക്കോട് റൂറൽ എസ്പി.എം.കെ.പുഷ്ക്കരന് ലഭിച്ച രഹസ്യവിവരത്തിന്റെഅടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.കർണ്ണാടക കേരള അതിർത്തി ഗ്രാമമായ ബൈരക്കുപ്പ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ലഹരി മാഫിയയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കഞ്ചാവെത്തിക്കുന്നത്.വിവിധ കേന്ദ്രങ്ങളിൽ ചെറുകിട കച്ചവടക്കാർക്ക് കഞ്ചാവ് എത്തിക്കുന്ന സംഘവുംബൈരക്കുപ്പ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
മുക്കം, താമരശ്ശേരി ഭാഗങ്ങളിൽ വിതരണം ചെയ്യുന്നതിനായി എത്തിച്ചതാണ് കഞ്ചാവെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.താമരശേരി ഡിവൈഎസ്പി പി.സി സജീവൻ നാർക്കോടിക് സെൽ ഡിവൈഎസ്പി അശ്വിൻ കുമാർ എന്നിവരുടെ നേതൃത്വത്തിൽ മുക്കം എസ്ഐ കെ.പി.അഭിലാഷ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ രാജീവ് ബാബു, ഷിബിൽ ജോസഫ്, ഹരിദാസൻ, ഷഫീഖ് നീലിയാനിക്കൽ, ജയമോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
മയക്ക് മരുന്ന് വ്യാപനം തടയുന്നതിന് സംസ്ഥാനത്ത് പ്രത്യേകമായി ഐജി.വിജയന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ തോതിലാണ് ലഹരി മരുന്നുകൾ പിടികൂടുന്നത്. രാജനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ചോദ്യം ചെയ്ത് വരികയാണന്നും കോടതിയിൽ ഹാജരാക്കിയ ശേഷം കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങുമെന്നും പോലീസ് അറിയിച്ചു.