പത്തനംതിട്ട: പോലീസ് ഡാൻസാഫ് സംഘവും കൊടുമൺ പോലീസും നടത്തിയ സംയുക്ത നീക്കത്തിൽ 5 കിലോയോളം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയെ അറസ്റ്റ് ചെയ്തു. കൊടുമൺ കണ്ണാടിവയൽ പാറക്കരയിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വസ്തുവിലെ ഷെഡിൽ നിന്നാണ് 4.800 കിലോ കഞ്ചാവ് പിടിച്ചെടുത്തത്, ഒരാൾ അറസ്റ്റിലായി.
പശ്ചിമ ബംഗാൾ പാർഗാനസ സൗത്ത് 24, ഗോസബ തനസർപറ, കമർപറ 84 ൽ ബിശ്വജിത് ബർമൻ മകൻ പ്രസൻജിത്ത് ബർമൻ (32) ആണ് പിടിയിലായത്. സുഹൃത്തുക്കളായ കണ്ണൻ ഗണേശൻ, ജിതിൻ, ബിജീഷ് എന്നിവരെ പിടികൂടാനുണ്ട്.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ഇന്നലെ രാവിലെ 11 ഓടെ കൊടുമൺ കണ്ണാടിവയൽ പാറക്കരയിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വസ്തുവിലെ ഷെഡിൽ പരിശോധന നടത്തിയാണ് പോലീസ് കഞ്ചാവ് കണ്ടെത്തിയത്. പോലീസ് എത്തുമ്പോൾ ഷെഡിനു മുന്നിൽ നാലുപേർ ഉണ്ടായിരുന്നു.
പോലീസിനെക്കണ്ട് ഇവർ ഓടി, പിന്നാലെ ഓടിയ പോലീസ് പ്രസൻജിത്ത് ബർമനെ പിടികൂടുകയായിരുന്നു. കൊടുമൺ പോലീസ് ഇൻസ്പെക്ടർ സി വിനോദിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ എസ്സിപിഓമാരായ തോമസ്, അലക്സ്, സി പി ഓ വിഷ്ണു എന്നിവരാണ് ഉണ്ടായിരുന്നത്.