ചേർത്തല: ചേർത്തലയിൽ പത്തുകിലോ കഞ്ചാവുമായി അന്തർ സംസ്ഥാന ബന്ധമുള്ള മൂന്നംഗസംഘം പിടിയിലായ സംഭവത്തിലിൽ അന്വേഷണം അന്ധ്രയിലേക്ക്. പിടിയിലായവരെ ചോദ്യം ചെയ്തത്തിൽ നിന്നും ആന്ധ്രയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ശേഖരിക്കുന്ന കഞ്ചാവ് ചെറുപൊതികളാക്കി ആലപ്പുഴ, ചേർത്തല, കായംകുളം തുടങ്ങിയ സ്ഥലങ്ങളിലെ ഇടനിലക്കാർക്ക് കൊടുക്കുന്നതിനായാണ് കൊണ്ടുവന്നതെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആന്ധ്രയിലേക്കും വ്യാപിപ്പിക്കുന്നത്.
തൃശൂർ ഗുരുവായൂർ എടക്കളത്തൂർ മേലാട്ട് ശരത് (24), തൃശൂർ കോർപറേഷൻ കൊട്ടാരപ്പള്ളിയിൽ ഗോകുൽ (25), പതിയാർകുളങ്ങര മുല്ലശേരി പാലയ്ക്കൽ രഞ്ജിത്ത് (25) എന്നിവരെയാണ് റെയിൽവേ സ്റ്റേഷനു സമീപത്തു നിന്നും ചേർത്തല സിഐ പി. ശ്രീകുമാറിന്േറയും ജില്ല നർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സിന്റെയും നേതൃത്വത്തിൽ ഇന്നലെ അറസ്റ്റ് ചെയ്തത്.
മാർക്കറ്റിൽ ഏകദേശം 12 ലക്ഷം രൂപ ഇതിനു വിലവരുന്ന കഞ്ചാവാണ് ഇവരിൽ നിന്നും പിടികൂടിയത്. ചേർത്തല റെയിൽവേസ്റ്റേഷൻ കേന്ദ്രീകരിച്ച് കഞ്ചാവ് കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ്സംഘം ദിവസങ്ങളായി സ്റ്റേഷൻ പരിസരം നിരീക്ഷിച്ചിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് എത്തിയ മൂന്നംഗ സംഘത്തെ കണ്ടു സംശയം തോന്നിയ ഉദ്യോഗസ്ഥർ പിടികൂടി ബാഗ് പരിശോധിച്ചതോടെയാണ് കഞ്ചാവ് കണ്ടെത്തിയത്. അഞ്ച് ഗ്രാമിന്റെ പൊതി 600 രൂപയ്ക്കാണ് വിറ്റിരുന്നതെന്നും, ട്രെയിനിലും ലക്ഷ്വറി ബസുകളിലുമാണ് കഞ്ചാവ് എത്തിച്ചിരുന്നതെന്നും ഡിവൈഎസ്പി എ.ജി. ലാൽ, എസ്ഐ ജി. അജിത്ത്കുമാർ എന്നിവർ പറഞ്ഞു.
പ്രതികൾ എറണാകുളം അടക്കമുള്ള ജില്ലകളിലും ആന്ധ്രായിലും ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിന്റെ തുടരന്വേഷണത്തിനായി പ്രത്യേക ടീം ഉടനെ ആന്ധ്രയിലേക്ക് തിരിക്കും.