കോട്ടയം: കുട്ടികളെ വലയിൽ വീഴ്ത്തി കഞ്ചാവ് കച്ചവടം നടത്തിയിരുന്നയാൾ പിടിയിൽ. കളിസ്ഥലങ്ങൾ, ഒഴിഞ്ഞ മുറികൾ, സ്കൂൾ പരിസരങ്ങൾ എന്നിവിടങ്ങളിൽ കഞ്ചാവ് എത്തിച്ചു നൽകിയിരുന്നയാളാണു പിടിയിലായത്.
തിരുവഞ്ചൂർ പറന്പുകര പ്ലാക്കുഴി ദിലീപ് കുമാറി (വള്ളി ഓമനക്കുട്ടൻ-49) നെയാണു പിടികൂടിയത്. ഇയാളുടെ പക്കൽനിന്ന് ആറു പൊതി കഞ്ചാവും കഞ്ചാവ് ചെടിയുടെ കുരുവും കണ്ടെടുത്തിട്ടുണ്ട്.
എക്സൈസ് അധികൃതരെ കണ്ട് വയലിൽ ചാടി ഓടിയ പ്രതിയെ ഓടിച്ചിട്ടാണു എക്സൈസ് അധികൃതർ പിടികൂടിയത്. കഞ്ചാവ് ചെറിയ പൊതികളാക്കി കുട്ടികളുടെ കളിസ്ഥലങ്ങളിൽ എത്തിച്ചു നല്കുകയായിരുന്നു ഇയാളുടെ പതിവെന്ന് അധികൃതർ പറഞ്ഞു.
മത്സരങ്ങളിൽ വിജയിക്കുന്നതിന് ഉത്തേജക മരുന്നായി ഉപയോഗിക്കുന്നതിന് പ്രായപൂർത്തിയാകാത്ത കുട്ടികളെ പ്രലോഭിപ്പിച്ച് ആദ്യം സൗജന്യമായി കഞ്ചാവ് വിതരണം ചെയ്യുകയും കുട്ടികൾ ലഹരിക്ക് അടിമകളായി കഴിയുന്പോൾ ഇരട്ടി വിലയ്ക്ക് വിൽപ്പന നടത്തിവരുകയുമാണ് ചെയ്തിരുന്നത്.
ഏഴു വർഷക്കാലമായി കഞ്ചാവ് ഉപയോഗിക്കുന്നയാളാണന്നും, കഞ്ചാവ് കുരു വാങ്ങിക്കുന്നവർക്ക് കുമ്മായവും, ചാണകവും, ചേർന്ന മിശ്രിതം ചെറിയ പായ്ക്കറ്റുകളാക്കി സൗജന്യമായി നൽകിയിരുന്നുവെന്നും ഇയാൾ മൊഴിനല്കിയിട്ടുണ്ട്. അടിവസ്ത്രത്തിൽ പ്രത്യേക പോക്കറ്റുകൾ തയ്ച്ച് പിടിപ്പിച്ചാണ് കഞ്ചാവ് വിതരണം ചെയ്യുന്നതിന് സൂക്ഷിച്ചിരുന്നത്.
ആൾപ്പാർപ്പില്ലാത്ത വീടുകൾ, കുട്ടികളുടെ കളിസ്ഥലങ്ങളും പ്രത്യേകം നിരീക്ഷിക്കണമെന്നുള്ള അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ മാത്യു കുര്യന്റെ പ്രത്യേക നിർദേശത്തെ തുടർന്നു നടത്തിയ റെയ്ഡിൽ എക്സൈസ് റേഞ്ച് ഇൻപെക്ടർ വി.പി. അനൂപ്, മാമ്മൽ ശാമുവേൽ, ബിജു ജേക്കബ്, ശ്രീകാന്ത്, മനോജ്, അരുണ് പി.നായർ, ആശാലത, റോഷി എന്നിവർ പങ്കെടുത്തു.