കരുനാഗപ്പള്ളി : രണ്ട് കിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കൃഷ്ണപുരം ഞക്കനാൽ സ്വദേശി ഗുണ്ട ഷിബു എന്നു വിളിക്കുന്ന ഷിബു ( 24 ) വാണ് 2കിലോ കഞ്ചാവുമായി അറസ്റ്റിലായത്. എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ എ. ജോസ് പ്രതാപിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഷാഡോ ടീമംഗങ്ങളായ വിജു, എസ്. ശ്യാംകുമാർ, സജീവ്കുമാർ എന്നിവരുമായി നടത്തിയ ഓപ്പറേഷനിലാണ് ചങ്ങൻകുളങ്ങരവള്ളികുന്നം റോഡിൽ പോംസി കമ്പനിക്കടുത്തുള്ള റെയിൽവേഗേറ്റിനു സമീപം വച്ച് ഇയാൾ പിടിയിലായത്.
കഴിഞ്ഞ ഒരാഴ്ചയായി എക്സൈസ് ഷാഡോ ടീമംഗങ്ങൾ കല്ലൂർമുക്ക്,ചങ്ങൻ കുളങ്ങര,കൃഷ്ണപുരം ഭാഗങ്ങളിൽ നടത്തിയ രഹസ്യ ഓപ്പറേഷനിലായിരുന്നു എക്സൈസ്. മൂന്ന് ദിവസം മുമ്പ് ഷിബു എക്സൈസിനേയും നാട്ടുകാരെയും വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് ഷാഡോ എക്സൈസ് ഷിബു കഞ്ചാവ് നൽകുന്ന കസ്റ്റമറിനെ ഉപയോഗിച്ച് ആവശ്യക്കാരെന്ന വ്യാജേന കഞ്ചാവ് ആവശ്യപ്പെട്ടതിൽ ഇന്നലെ ഉച്ചയോടെ വിതരണത്തിനു കൊണ്ടുവരുമ്പോൾ ചങ്ങൻകുളങ്ങര റെയിൽവേ ഗേറ്റിനു സമീപം വച്ച് ഇയാൾ ഷാഡോ എക്സൈസിനെ കണ്ട് കഞ്ചാവ് ഉപേക്ഷിച്ചിട്ടു ഓടി രക്ഷപ്പെട്ടു.
തുടർന്ന് ഇയാളെ കായംകുളത്തെ ബാറിന് സമീപത്തു നിന്ന് പിടികൂടുകയും തുടർന്ന് ഉച്ചയ്ക്കു 2 ഓടു കൂടി അറസ്റ്റ് ചെയ്യുകയുമായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ഷിബു കഞ്ചാവുമായി ഓട്ടോറിക്ഷയിൽ വരുന്ന വിവരം നാട്ടുകാർ എക്സൈസിനെ അറിയിച്ചു. എക്സൈസ് സ്ഥലത്ത് എത്തുന്നതിന് മുമ്പ് ഇയാൾ വന്ന ഓട്ടോറിക്ഷ നാട്ടുകാർ തടയാൻ ശ്രമിക്കുകയും ഷിബുവും കൂട്ടാളിയും നാട്ടുകാരെ ആക്രമിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു.
ദിണ്ടിഗലിൽ നിന്നുമാണ് കഞ്ചാവ് വലിയ തോതിൽ കൊണ്ടുവരുന്നതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചതായി എക്സൈസ് പറഞ്ഞു. ആലപ്പുഴ, കൊല്ലം ഭാഗങ്ങളിൽ ചെറുകിട കച്ചവടക്കാർക്ക് നൽകുകയാണ് പതിവ്.എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ എ. ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ അൻവർ, ഹരികൃഷ്ണൻ സിവിൽ എക്സൈസ് ഓഫീസർമാരായ വിജു, എസ്. ശ്യാംകുമാർ, സജീവ് കുമാർ, വി. ശ്യാംകുമാർ, തോമസ് , ഡ്രൈവർ രാജു എന്നിവരും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതി ഇയാളെ റിമാന്റ് ചെയ്തു.