കോട്ടയം: നിരവധി കേസുകളിൽപ്പെട്ടയാളുടെ കഞ്ചാവ് കച്ചവടം പിടികൂടിയതോടെ കോട്ടയത്തേക്കുള്ള കഞ്ചാവ് വരവിന്റെ ഉറവിടം പോലീസ് തേടുന്നു. കഞ്ഞിക്കുഴി ദേവലോകം ചൂളകവല മഠത്തിൽ ഹീരാലാൽ (28) ആണ് ഇന്നലെ 100ഗ്രാം കഞ്ചാവുമായി പോലീസ് പിടിയിലായത്.
ഇയാൾക്ക് കഞ്ചാവ് നല്‍കുന്നവരെക്കുറിച്ചുള്ള അന്വേഷണത്തിലാണ് കോട്ടയത്തേക്ക് കടത്തുന്ന കഞ്ചാവിനെക്കുറിച്ച് സൂചന കിട്ടിയത്. കഞ്ചാവ് മൊത്തക്കച്ചവടക്കാരെക്കുറിച്ചും സൂചന ലഭിച്ചതായി പോലീസ് വ്യക്തമാക്കി.കൊലപാതകശ്രമം, ബംഗളൂരു ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ മാല പൊട്ടിക്കൽ കേസുകളിലും നിരവധി അടിപിടി കേസുകളിലും പ്രതിയായ ഹീരാലാൽ ഇയാളുടെ കടയുടെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തി വരികയായിരുന്നു.
കേരളത്തിനു പുറത്തും നാട്ടിലും കവർച്ചയും വധശ്രമവുമായി നടക്കുന്നതിനിടയിലാണ് ഇയാൾ കഞ്ചാവ് വില്പനയിലേക്കു കടന്നത്.ഇയാളുടെ വീടിനോടു ചേർന്നുള്ള കട കേന്ദ്രീകരിച്ചും മാങ്ങാനം, കോട്ടയം ടൗണ്‍ എന്നിവിടങ്ങളിലുമാണ് കഞ്ചാവ് വിൽപ്പന. വിദ്യാർഥികളാണ് ഇയാളിൽനിന്നും പ്രധാനമായും കഞ്ചാവ് വാങ്ങിയിരുന്നത്.
ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയം ഡിവൈഎസ്പി ശ്രീകുമാറിന്റെ നിർദ്ദേശാനുസരണം ഈസ്റ്റ് എസ്എച്ച്ഒ ടി.ആർ. ജിജു പ്രതിയെ അറസ്റ്റു ചെയ്തു. അന്വേഷണ സംഘത്തിൽ എസ്ഐമാരായ ടി.ജെ. ബിനോയി, തോമസ് ജോർജ്. എഎസ്ഐ ഐ. സജികുമാർ, എസ്പിസിഒമാരായ പി.എൻ. മനോജ്, പ്രദീപ്, സിപിഒമാരായ ദിലീപ് വർമ, ബാലഗോപാൽ, രതീഷ് എന്നിവരും ഉണ്ടായിരുന്നു.