കോട്ടയം: മാങ്ങാനത്തെ കഞ്ചാവ് വിൽപ്പനക്കാരനെ കുടുക്കിയത് പുലർച്ചെ ശവക്കോട്ടയിലേക്കുള്ള ചിലരുടെ വരവ് സംശയിക്കപ്പെട്ടതോടെ. പതിവായി പുലർച്ചെ രണ്ടിനും നാലിനുമിടയിൽ ചിലർ ശവക്കോട്ടയിൽ വരുന്നതു കണ്ട് സംശയം തോന്നി നാട്ടുകാർ ശ്രദ്ധിച്ചതോടെയാണ് കഞ്ചാവ് കച്ചവടത്തെക്കുറിച്ചുള്ള വിവരം പുറത്തായത്.
മാങ്ങാനം ചെമ്മരപ്പള്ളി പള്ളിക്കുന്നേൽ ജോണി(60)യാണ് ശവക്കോട്ടയിലെ കഞ്ചാവ് കച്ചവടത്തിന് അറസ്റ്റിലായത്. മാങ്ങാനത്തിനുസമീപം ശവക്കോട്ട കേന്ദ്രീകരിച്ചായിരുന്നു കച്ചവടം. പുലർച്ചെ രണ്ടിനും നാലിനുമിടയിൽ മുൻകൂട്ടി പറഞ്ഞുറപ്പിച്ചവർക്കു മാത്രമാണ് ഇയാൾ കഞ്ചാവ് നൽകിയിരുന്നത്.
ഇയാളിൽനിന്നു കഞ്ചാവ് ആവശ്യമുള്ളവർ ആദ്യം ഫോണിൽ വിളിച്ചു ബുക്കു ചെയ്യണം. പിന്നീട് പറയുന്ന ദിവസം പുലർച്ചെ രണ്ടിനും നാലിനുമിടയിൽ ശവക്കോട്ടക്കുസമീപം ചെല്ലണം. കഞ്ചാവ് വാങ്ങാൻ വരുന്ന ആളിന്റെ കൂടെ മറ്റ് ആൾക്കാരോ പോലീസോ എക്സൈസോ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമേ ഇയാൾ കഞ്ചാവ് നൽകിയിരുന്നുള്ളൂ. ഒരു പൊതി കഞ്ചാവിന് 500രൂപ നിരക്കിലാണു വിറ്റിരുന്നത്.
മുന്പ് രണ്ടു തവണ ഇയാൾ എക്സൈസിന്റെ പിടിയിലായിട്ടുണ്ട്.കന്പത്തുനിന്നുമാണ് ഇയാൾ കഞ്ചാവ് കൊണ്ടുവന്നിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. 15 പൊതി കഞ്ചാവും ഇയാളിൽനിന്നു പിടിച്ചെടുത്തു. കോട്ടയം ഈസ്റ്റ് എസ്എച്ച്ഒ സി.ഐ. ജിജുവിന്റെ നേതൃത്വത്തിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്.
അന്വേഷണസംഗത്തിൽ എസ്ഐമാരായ ടി.ജെ. ബിനോയ്, തോമസ് ജോർജ്, എഎസ്ഐ പ്രിൻസ്, സ്ക്വാഡിലെ എഎസ്ഐ ഐ. സജികുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ പി.എൻ. മനോജ്, സിവിൽ പോലീസ് ഓഫീസർമാരായ ദിലീപ് വർമ്മ, മോൻസി എന്നിവരുമുണ്ടായിരുന്നു.