കോട്ടയം: നാഷണൽ പെർമിറ്റ് ലോറിയിൽ കടത്തിക്കൊണ്ടുവന്ന 60 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേരെ പോലീസ് പിടികൂടി. കോട്ടയം പേരൂർ അന്പലകോളനി കളപ്പുരയ്ക്കൽ ജോസ് (40), തലയാഴം തോട്ടകം തലപ്പള്ളിൽ ഗോപു (27) എന്നിവരാണ് അറസ്റ്റിലായത്.
ഇന്നു പുലർച്ചെ രണ്ടിനു കുറുപ്പന്തറ മാർക്കറ്റിനു സമീപത്ത് നിന്ന് ആന്ധ്രയിൽ നിന്നുമെത്തിയ ലോറി തടഞ്ഞു നിർത്തിയാണ് കടുത്തുരുത്തി എസ്ഐ ടി.എസ്. റെനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഞ്ചാവ് പായ്ക്കറ്റുകൾ കണ്ടെടുത്തത്.
കാലിയായി എത്തിയ നാഷണൽ പെർമിറ്റ് ലോറിയുടെ കാബിനിലാണ് 28 കഞ്ചാവ് പായ്ക്കറ്റുകൾ സൂക്ഷിച്ചിരുന്നത്. പ്ലാസ്റ്റിക് പടുത ഉപയോഗിച്ചു കഞ്ചാവ് പായ്ക്കറ്റുകൾ പൊതിഞ്ഞു വച്ചിരിക്കുകയായിരുന്നു. രണ്ടു കിലോഗ്രാം വീതമുള്ള പായ്ക്കറ്റുകളാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
പൈനാപ്പിൾ ഉൾപ്പെടെയുള്ള സാധനങ്ങളുമായി ആന്ധ്ര പ്രദേശങ്ങളിൽ പോകുന്ന ലോറി അവിടെ നിന്ന് എത്തിക്കുന്ന സാധനങ്ങൾക്കിടയിൽ വച്ചാണ് കഞ്ചാവ് കോട്ടയത്തേക്കും സമീപ പ്രദേശങ്ങളിലേക്കും എത്തിച്ചിരുന്നത്. അവിടെ നിന്നു 4,000 രൂപയ്ക്കാണ് രണ്ടു കിലോഗ്രാം കഞ്ചാവ് വാങ്ങിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
ലോക്ക് ഡൗണ് കാലത്ത് കഞ്ചാവ് ഉൾപ്പെടെയുള്ളവ കിട്ടാൻ പ്രയാസമായതോടെ ഡിമാൻഡ് വർധിച്ചു. ഇതോടെ ലഭിക്കുന്ന വൻ ലാഭം മുന്നിൽ കണ്ടാണ് സംഘം വൻതോതിൽ നാട്ടിലേക്കു കഞ്ചാവ് എത്തിച്ചത്. കോവിഡ് കാലത്ത് പരിശോധനകൾ കുറവായതും വൻതോതിൽ കഞ്ചാവ് എത്തിക്കുന്നതിനു കാരണമായി.
ലോറിയിൽ കഞ്ചാവ് എത്തുന്നതായി ജില്ലാ പോലീസ് ചീഫ് ജി. ജയദേവിനു രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വിവിധ സ്ഥലങ്ങളിൽ പോലീസ് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. വൈക്കം ഡിവൈഎസ്പി സനിൽകുമാറിന്റെ നിർദേശാനുസരണം പോലീസ് ഇന്നലെ രാത്രിയിൽ വാഹന പരിശോധന നടത്തുകയായിരുന്നു.
ഇതിനിടിയിലാണ് കാലിയായ നാഷണൽ പെർമിറ്റ് ലോറി എത്തിയത്. പോലീസ് ലോറി തടഞ്ഞു നിർത്തി നടത്തിയ പ്രാഥമിക പരിശോധനയിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
തുടർന്നു ലോറിയുടെ കാബിനിലുള്ളിൽ നടത്തിയ വിശദമായ പരിശോധനയിലാണ് പ്ലാസ്റ്റിക് പടുത ഉപയോഗിച്ചു പൊതിഞ്ഞു സൂക്ഷിച്ചിരുന്ന കഞ്ചാവ് പായ്ക്കറ്റുകൾ കണ്ടെടുത്തത്. കഞ്ചാവ് കോട്ടയത്തും സമീപ പ്രദേശങ്ങളിലുമുള്ള ഗുണ്ടാ സംഘത്തിനു വിതരണം ചെയ്യാനാണെന്നും പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്.
ഇവരെ കണ്ടെത്തുന്നതിനു വേണ്ടിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്, പിടിയിലായ ലോറി ഡ്രൈവറെയും സഹായിയെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്.
കടുത്തുരുത്തി സിഐ സി.എസ്. ബിനു, എസ്ഐ ടി.എസ്. റെനീഷ്, ഗ്രേഡ് എസ്ഐ വിജയ പ്രസാദ്, എഎസ്ഐ സിനോയി, സിപിഒ അനീഷ്, രാഗേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.