കായംകുളം : വള്ളികുന്നത്ത് ബൈക്ക് അപകടത്തിൽപ്പെട്ട യുവാവിൽനിന്ന് കഞ്ചാവ് പിടിച്ചെടുത്തു. നാലു പേർ അറസ്റ്റിൽ.
ബൈക്ക് അപകടത്തിൽ പെട്ടതിനെ തുടർന്ന് റാന്നി വടക്കേടത്ത് വീട്ടിൽ അതുൽ (29) ആണ് കഞ്ചാവുമായി പിടിയിലായത്. ബൈക്കിൽ കട്ടച്ചിറയിൽ നിന്നും കെപി റോഡിലേക്ക് കടക്കാൻ ശ്രമിക്കുന്പോഴായിരുന്നു അപകടം.
കട്ടച്ചിറ പള്ളിക്ക് സമീപമുള്ള പച്ചക്കറി കടയിലെ പെണ്‍കുട്ടിയെ തട്ടി ഇട്ട ശേഷം ബൈക്കിൽ അതിവേഗത്തിൽ പോയ അതുൽ എതിരേ വന്ന കാറിൽ തട്ടി വീഴുകയായിരുന്നു.
സമീപമുള്ള കടക്കാരും അയൽവാസികളും ഓടി എത്തിയപ്പോൾ ബൈക്ക് ഉപേക്ഷിച്ച് തെറിച്ച് വീണ പൊതിയുമായി അതുൽ ഓടുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പോലീസിൽ അറിയിക്കുകയായിരുന്നു.
പോലീസ് സ്ഥലത്ത് എത്തി പ്രതിയെ പിടികൂടി സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തതിൽ നിന്നും ഒട്ടനവധി കേസുകളിലെ പ്രതിയായ വള്ളികുന്നം കടുവിനാൽ എംഎം കോളനി രഞ്ജിനി ഭവനിൽ മുനീർ (നസീർ -33) ആണ് കഞ്ചാവ് നൽകിയതെന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
ഇയാളെയും തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ അതുലിനോടൊപ്പം കൂട്ടാളിയായി വന്ന പറക്കോട് സുബിൻ ഭവനത്തിൽ സുബീർ(30)നെയും മുനീറിന്റെ ഒപ്പം കഞ്ചാവ് കച്ചവടം ചെയ്ത് വന്ന ആദിനാട് വിഷ്ണുഭവനിൽ വിഷ്ണു(35)വിനെയും സിഐ എം.എം.ഇഗ്നേഷ്യസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി.