കൊച്ചി: ലഹരിമരുന്നുമായി എക്സൈസ് സംഘം പിടികൂടിയവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. കോഴിക്കോട് പുന്നശേരി മണങ്ങാട്ട് ഷഹാൽ മാലിക്ക് (21), കൊയിലാണ്ടി മേപ്പയ്യൂർ മാടായി മുഹമ്മദ് റായീസ് (22), താമരശേരി മാളിയക്കൽ ഷഫാഫ് അഷറഫ് (22) എന്നിവരെയാണ് എക്സൈസ് സംഘം ഇന്നലെ വൈകിട്ട് അറസ്റ്റ് ചെയ്തത്. നഗരത്തിൽ വിദ്യാർഥികൾക്കും ഐടി മേഖലയിൽ ജോലി ചെയ്യുന്നവർക്കും ലഹരി വിൽപന നടത്തിവന്നിരുന്നവരാണ് സംഘമെന്ന് അധികൃതർ പറഞ്ഞു.
തമ്മനത്ത് ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽനിന്ന് 1.750 കിലോഗ്രാം കഞ്ചാവും ആറ് ഗ്രാം എംഡിഎംഎയും 95 ഗ്രാം ഹാഷിഷ് ഓയിലും എക്സൈസ് പിടിച്ചെടുത്തു. ബംഗളൂരുവിൽനിന്നു ലഹരി മരുന്ന് മൊത്തമായി വാങ്ങി കൊച്ചിയിൽ കൊണ്ടുവന്ന് വിൽക്കുന്നതായിരുന്നു സംഘത്തിൻറെ രീതി. കഞ്ചാവ് 10 ഗ്രാമിന്റെ ചെറുപൊതികളാക്കി 500 രൂപ നിരക്കിലാണ് വിൽപന നടത്തിയിരുന്നത്.
അരഗ്രാം എംഡിഎംഎയ്ക്ക് 5000 രൂപയും മൂന്ന് ഗ്രാം ഹാഷിഷിന് 3000 രൂപയുമാണ് ഇവർ ഈടാക്കിയിരുന്നത്. എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പെക്ടർ ടി.ജി. കൃഷ്ണകുമാർ, എക്സൈസ് ഇൻറലിജൻസ് ഇൻസ്പെക്ടർ ദേവദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ പിടികൂടിയത്.