ആലുവ: ഇടുക്കി കേന്ദ്രമാക്കി ലഹരിക്കടത്തിന് നേതൃത്വം നൽകിയിരുന്ന കൗസല്യ ടോമിയെന്ന പേരിൽ അറിയപ്പെട്ടിരുന്ന ടോമി അലക്സ് ഒടുവിൽ കുടുങ്ങി. ആലുവ കഐസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തുനിന്നും ഒന്നേകാൽ കിലോ ഹഷീഷ് ഓയിലുമായി എക്സൈസിന്റെ പിടിയിലായ ഇടുക്കി സ്വദേശിയായ അജേഷിന്റെ വെളിപ്പെടുത്തലിലാണ് ഇയാളെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
തുടർന്ന് ഇയാൾക്കുള്ള അന്വേഷണം ഉൗർജിതമായിരുന്നെങ്കിലും കേരളം വിട്ട പ്രതി കള്ളനോട്ട് സംബന്ധിച്ച എൻഐഎയുടെ അന്വേഷണത്തിലാണ് കുടുങ്ങിയത്. പ്രതിയെ പിന്നീട് ലഹരിക്കടത്ത് കേസിൽ എൻഐഎ എക്സൈസിന് കൈമാറുകയായിരുന്നു. കഴിഞ്ഞ നവംബർ 27നാണ് ഹഷീഷ് ഓയിലുമായി അജേഷ് ആലുവയിൽ പിടിയിലാകുന്നത്. എക്സൈസിന്റെ ചോദ്യം ചെയ്യലിൽ ടോമിയാണ് സംഘത്തലവനെന്ന് വെളിപ്പെട്ടിരുന്നു.
എന്നാൽ അജേഷ് പിടിയിലായതറിഞ്ഞയുടനെ ഇയാൾ കേരളം വിട്ടു. എക്സൈസ്, പോലീസ് സംഘങ്ങൾ ഇയാൾക്കായി കേരളത്തിനകത്തും പുറത്തും അന്വേഷണം നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. നേരത്തെ കള്ളനോട്ട് കേസിൽ പ്രതിയായിരുന്ന ഇയാൾക്കെതിരെയുള്ള എൻഐഎയുടെ അന്വേഷണത്തിൽ കുടുങ്ങുകയായിരുന്നു.
പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ഇടുക്കിയിലെ ലഹരിമാഫിയ തലവനാണ് കൗസല്യ ടോമിയെന്ന് കേന്ദ്ര ഇന്റലിജൻസ് വരെ കണ്ടെത്തിയിരുന്നതാണ്. എന്നാൽ സ്വാധീനമുപയോഗിച്ച് കേസുകളിൽനിന്നെല്ലാം ഇയാൾ തന്ത്രത്തിൽ രക്ഷപ്പെടുകയായിരുന്നു. ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിൽ ലഹരിക്കടത്തിൽ പ്രധാനിയായിരുന്നു ടോമി. ആന്ധ്രയിൽ കഞ്ചാവ് കൃഷി നടത്തുന്ന ഇടുക്കി സ്വദേശിയുമായി സഹകരിച്ചാണ് ഇയാൾ ഹഷീഷ്, കഞ്ചാവ് എന്നിവ കടത്തി കേരളത്തിൽ എത്തിച്ചിരുന്നത്.
ഇടുക്കി സ്വദേശിയായ ആന്ധ്രയിലെ കഞ്ചാവ് കൃഷി നടത്തിപ്പുകാരനെക്കുറിച്ച് കൂടുതൽ അന്വേഷിക്കാൻ പിടിയിലായ ടോമിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ചന്ദ്രപാൽ രാഷ്ട്രദീപികയോട് പറഞ്ഞു.