പാലക്കാട്: തമിഴ്നാട്ടിൽനിന്നും പാലക്കാട് വഴി കോഴിക്കോട്ടേക്കു ബസ് മാർഗം കടത്തുകയായിരുന്ന 6.2 കിലോഗ്രാം കഞ്ചാവുമായി മധ്യവയസ്കനെ ടൗണ്‍ നോർത്ത് എസ്.ഐ ആർ.രഞ്ജിത്തും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ അറസ്റ്റുചെയ്തു. ഇയാളെ കോടതി റിമാൻഡ് ചെയ്തു. കോഴിക്കോട് സൗത്ത് ബീച്ച് സ്വദേശി കോയാട്ടി(45)യാണ് പിടിയിലായത്.
ഇയാളുടെ പക്കൽനിന്നും ബാഗിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് പോലീസ് പിടിച്ചെടുത്തു.പിടിച്ചെടുത്ത കഞ്ചാവിനു ചില്ലറവിപണിയിൽ മൂന്നുലക്ഷത്തോളം രൂപ വിലവരും. തമിഴ്നാട്ടിലെ സെന്പട്ടിയിൽനിന്നും ബസിൽ കോയന്പത്തൂർ വഴിയാണ് പാലക്കാട് എത്തിയത്. കോഴിക്കോട്ടേക്കു ബസ് കയറുന്നതിനിടെയാണ് പോലീസിന്റെ പരിശോധനയിൽ കുടുങ്ങിയത്.
തമിഴ്നാട്ടിൽനിന്ന് 8000 രൂപയ്ക്കു വാങ്ങുന്ന ഒരുകിലോ കഞ്ചാവ് 50,000 രൂപയ്ക്കാണ് ചില്ലറവിപണിയിൽ വിറ്റഴിക്കുന്നത്. കോഴിക്കോട് എത്തിച്ച് അവിടത്തെ ചില്ലറക്കച്ചവടക്കാർക്ക് 100 ഗ്രാം വീതമുള്ള പായ്ക്കറ്റുകളാക്കി വില്പന നടത്തുകയാണ് പതിവ്. സ്കൂൾ, കോളജ് വിദ്യാർഥികൾ, അന്യസംസ്ഥാന തൊഴിലാളികൾ എന്നിവരെ കേന്ദ്രീകരിച്ചാണ് കച്ചവടം പൊടിപൊടിക്കുന്നത്.
ആന്ധ്രയിൽനിന്നും ലോഡുകണക്കിനു കഞ്ചാവാണ് തമിഴ്നാട്ടിലെ വിവിധയിടങ്ങളിൽ സ്റ്റോക്കു ചെയ്ത് വില്പന നടത്തിവരുന്നത്. മുഖ്യമായും പഴനി, ദിണ്ടിഗൽ, ഒട്ടൻഛത്രം, സെന്പട്ടി, കന്പം, തേനി, ഈറോഡ്, നാമക്കൽ, സേലം എന്നിവിടങ്ങളിൽനിന്നാണ് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നത്.
സംസ്ഥാനത്തേക്കുള്ള കഞ്ചാവുകടത്ത് തടയുന്നതിനായി ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റ, നർക്കോട്ടിക് സെൽ ഡിവൈഎസ്പി ഷംസുദീൻ എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക ലഹരിവിരുദ്ധ സ്ക്വാഡാണ് റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവ കേന്ദ്രീകരിച്ചു പരിശോധന നടത്തിവരുന്നത്. കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ച് തുടരന്വേഷണം നടത്തുമെന്നു പോലീസ് അറിയിച്ചു.
ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് സബ് ഇൻസ്പെക്ടർ ആർ. രഞ്ജിത്ത്, സ്ക്വാഡ് അംഗങ്ങളായ ആർ.കിഷോർ, എം.സുനിൽ, കെ.അഹമ്മദ് കബീർ, ആർ.വിനീഷ്, ആർ. രാജീദ് , ടൗണ്‍ നോർത്ത് സിപിഒമാരായ രജിത് സുന്ദർ, എസ്്്.സജീന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവുകടത്ത് പിടികൂടിയത്.