മല്ലപ്പള്ളി: കുന്നന്താനം, പാമല പരിസരങ്ങളിലായി മയക്കുമരുന്ന് ഗുളികകൾ സ്കൂൾ കുട്ടികളടക്കമുള്ളവർക്ക് വില്പന നടത്തിയ തിരുവല്ല സ്വദേശികളായ രണ്ട് യുവാക്കളെ കീഴ്വായ്പൂര് പോലീസ് അറസ്റ്റുചെയ്തു. തിരുവല്ല മനയ്ക്കച്ചിറ പാലത്തുംങ്കൽ വീട്ടിൽ സജു ചെറിയാൻ (19), കുറ്റപ്പുഴ മാടമുക്ക് കല്ലുപറന്പിൽ നിബിൻ ബിജു (20) എന്നിവരെയാണ് കീഴ്വായ്പൂര് പോലീസ് ഇൻസ്പെക്ടർ സി.റ്റി. സഞ്ജയ്, എസ്ഐ ബി.എസ്. ആദർശ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കുന്നന്താനം പാമലയിൽ നിന്നും കഴിഞ്ഞദിവസം രാത്രി 11ഓടെ സാഹസികമായി പിന്തുടർന്ന് അറസ്റ്റു ചെയ്തത്.
ജില്ലാ പോലീസ് മേധാവി ജയദേവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവല്ല ഡിവൈഎസ്പി ജെ. ഉമേഷ് കുമാറിന്റെ നിർദേശാനുസരണമായിരുന്നു അറസ്റ്റ്. പ്രതികളിൽ നിന്നും 3450 രൂപയും മൊബൈൽ ഫോണും പൾസർ മോട്ടോർ സൈക്കിളും പോലീസ് പിടിച്ചെടുത്തു. നിരോധിച്ചിട്ടുള്ളതും എൻഡിപിഎസിന്റെ പട്ടികയിലുള്ളതുമായ രണ്ട് തരത്തിലുള്ള കാപ്സ്യൂളുകളാണ് വില്പന നടത്തിയത്.
രണ്ട് തരത്തിലുള്ള ക്യാപ്സ്യൂളുകളും കോടതിക്ക് നല്കി. പ്രതികളെ കോടതിയിൽ ഹാജരാക്കി. പ്രതികൾ തിരുവല്ല പോലീസ് സ്റ്റേഷനിൽ കൊലപാതകശ്രമത്തിനും തിരുവല്ല എക്സൈസ് എൻഡിപിഎസ് കേസിലും പ്രതികളാണ്. റെയ്ഡിൽ എസ്ഐമാരായ ബി.എസ്. ആദർശ്, സോമനാഥൻ, ഡിവിആർ ഗോപീകൃഷ്ണൻ, സിപിഒ പി.എച്ച്. അൻസിം, എസ്സിപിഒ ബിജു, സിപിഒമാരായ പ്രദീപ്, ജോബിൻ എന്നിവർ പങ്കെടുത്തു.