മഞ്ചേരി: ആറു കിലോ കഞ്ചാവുമായി അരീക്കോട് വാലില്ലാപുഴ സ്വദേശിയായ യുവാവിനെ അരീക്കോട് എസ്ഐയുടെ നേതൃത്വത്തിൽ ജില്ലാ ആൻറി നർക്കോട്ടിക് സ്ക്വാഡ് പിടികൂടി. വാലില്ലാപുഴ മുത്തോട് മുസ്തഫ (31) യാണ് പിടിയിലായത്. മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്കു ആന്ധ്രയിൽ നിന്നു കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ കണ്ണിയാണ് മുസ്തഫയെന്നു പോലീസ് പറഞ്ഞു.
ഇയാളെ ചോദ്യം ചെയ്തതിൽ നിരവധി തവണ ആന്ധ്രയിൽ നിന്നു കഞ്ചാവ് എത്തിച്ചിരുന്നതായും ഇയാളിൽ നിന്നു കഞ്ചാവ് കൈപ്പറ്റുന്ന ചെറുകിട കച്ചവടക്കാരെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചുവരികയാണ്. ഒരു മാസം മുന്പു ജില്ലാ ആൻഡി നാർക്കോട്ടിക് സ്ക്വാഡിന് ലഭിച്ച വിവരത്തെത്തുടർന്നു ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു അന്വേഷണ സംഘം.
ഒരാഴ്ച മുന്പു കഞ്ചാവ് വാങ്ങുന്നതിനായി ആന്ധ്രയിലേക്കു പോയതായിരുന്നു മുസ്തഫ. തുടർന്നു കഞ്ചാവുമായി കുറ്റൂളിയിൽ എത്തുകയും പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു പോലീസ്. വിദ്യാലയങ്ങൾ തുറക്കാൻ ദിവസങ്ങൾ ശേഷിക്കെ ഇത്രയുമധികം കഞ്ചാവ് എത്തിച്ചത് വിദ്യാർഥികൾക്കു വിൽപ്പനയ്ക്കാണെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. രണ്ടു ദിവസം മുന്പു വിദ്യാർഥികൾക്കു വിൽപനയ്ക്കായി കൊണ്ടുവന്ന പത്തു ലക്ഷത്തോളം രൂപയുടെ ഹാൻസ് ജില്ലാ ആൻറി നാർക്കോട്ടിക്ക് സ്ക്വാഡ് മേലാറ്റൂരിൽ പിടികൂടിയിരുന്നു.
മലപ്പുറം ജില്ലാ പോലീസ് മേധാവി പ്രതീഷ്കുമാറിനു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നു മലപ്പുറം ഡിവൈഎസ്പി ജലീൽ തോട്ടത്തിലിന്റെ നിർദേശപ്രകാരം അരീക്കോട് എസ്ഐ പി.ബിബിന്റെനേതൃത്വത്തിൽ ആൻഡി നാർക്കോട്ടിക്ക് സ്ക്വാഡ് അംഗങ്ങളായ സത്യനാഥൻ മനാട്ട്, അബ്ദുൾ അസീസ്, ശശി കുണ്ടറക്കാട്, പി.സഞ്ജീവ്, ഉണ്ണികൃഷ്ണൻ മാരാത്ത്, മുഹമ്മദ് സലീം, അനീഷ് എന്നിവർക്കു പുറമെ അരീക്കോട് സ്റ്റേഷനിലെ സജീർ, അൻവർ, ലത്തീഫ്, ബിനുസ് എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.