കോട്ടയം: തൃക്കൊടിത്താനത്തും എരുമേലിയിലും ഇന്നലെ വൻ കഞ്ചാവ് വേട്ട. അഞ്ചു പേർ പിടിയിലായി. തൃക്കൊടിത്താനത്ത് പോലീസും എരുമേലിയിൽ എക്സൈസുമാണ് കഞ്ചാവ് വിൽപനക്കാരെ പിടികൂടിയത്. കടമാഞ്ചിറ ഭാഗത്തു നിന്ന് 121 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെ തൃക്കൊടിത്താനം പോലീസ് പിടികൂടി. ഇവരിൽ നിന്നും കഞ്ചാവ് വിറ്റവകയിലെന്നു സംശയിക്കുന്ന 3000രൂപയും കണ്ടെടുത്തിട്ടുണ്ട്.
തൃക്കൊടിത്താനം പീടികപ്പടി സ്വദേശി മനീഷ് (21), കടമാഞ്ചിറ സ്വദേശി റിജോ (20) എന്നിവരാണ് പിടിയിലായത്. തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിലെ എസ്.ഐ ലാൽജി, എഎസ്ഐമാരായ പ്രസാദ്, നസീർ, സി.പി.ഒ സുരേഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികൾക്കെതിരെ എൻഡിപിഎസ്, ജെ.ജെ ആക്ട് എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
എരുമേലിയിൽ ഓണത്തോടനുബന്ധിച്ചു എക്സൈസ് സ്പെഷൽ ഡ്രൈവ് പ്രമാണിച്ച് നടത്തിയ റെയ്ഡിൽ മുണ്ടക്കയം പുലിക്കുന്ന് വനാതിർത്തിയിൽനിന്ന് മൂന്നു പേരെ കഞ്ചാവുമായി പിടികൂടി. പുലിക്കുന്ന് സ്വദേശി സുജിത് (22), പുഞ്ചവയൽ സ്വദേശി അഖിൽ (21), മുച്ചാകുഴി സ്വദേശി അനന്ദു (24) എന്നിവരാണ് പിടിയിലായത്.
ഐ ടി ഐ വിദ്യാർഥികൾക്കും ടൈൽസ് പണിക്കാർക്കും കഞ്ചാവ് വിതരണം നടത്തുന്നതായി എക്സൈസ് ഷാഡോ ടീം അംഗം മാമ്മൻ ശാമുവേലിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. ഓണത്തോട് അനുബന്ധിച്ച് പരിശോധനയും, രാത്രികാല പരിശോധനയും കർശനമാക്കുവാൻ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ജി.രാധാകൃഷ്ണപിള്ള നിർദേശം നല്കിയിരുന്നു.