ചേർത്തല: സ്കൂൾ കുട്ടികൾക്ക് കഞ്ചാവ് വിൽക്കുന്ന സംഘത്തിലെ പ്രധാനിയായ യുവാവിനെ ഒന്നര കിലോ കഞ്ചാവുമായി എക്സൈസ് പിടികൂടി. ആര്യാട് തെക്ക് കാളാത്ത് മുപ്പത് നികർത്തിൽ മനു(25)നെയാണ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുഹമ്മ ബസ് സ്റ്റാൻഡിൽ നിന്നും ഇന്നലെ രാവിലെ ചേർത്തല എക്സൈസ് സർക്കിൾ ഓഫീസിലെ ഇൻസ്പെക്ടർ എം.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
ഇയാളിൽ നിന്ന് ഒന്നര കിലോ കഞ്ചാവിന് പുറമേ കഞ്ചാവ് വിൽപ്പന നടത്തി ലഭിച്ച 1500 രൂപയും പാക്കറ്റുകളായി വിൽക്കുന്നതിനുള്ള കവറുകളും പിടിച്ചെടുത്തു. ആലപ്പുഴ, മുഹമ്മ ഭാഗങ്ങളിൽ സ്കൂൾ കുട്ടികൾക്ക് ഉൾപ്പെടെ ചെറിയ പൊതികളാക്കിയാണ് കഞ്ചാവ് വിൽക്കുന്നെന്ന് എക്സൈസ് പറഞ്ഞു.
ഇയാൾ മഹാരാഷ്ട്രയിൽ നിന്ന് ബാഗുകളിലാക്കി ട്രെയിൻ മാർഗമാണ് കഞ്ചാവ് എത്തിക്കുന്നത്. പ്രിവന്റീവ് ഓഫീസർമാരായ സി.വി വേണു, എൻ.ബാബു, പി.സി ഗിരീഷ്, സിഇഒമാരായ എച്ച്.മുസ്തഫ, ബി.അഭിലാഷ്, ഡ്രൈവർ ആൻഡ്രൂസ് എന്നിവർ ഉൾപ്പെട്ട എക്സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.