തൃപ്പൂണിത്തുറ: ചാണകവണ്ടിയിൽ കഞ്ചാവ് കടത്തിയിരുന്ന യുവാവ് പിടിയിൽ. പതിനൊന്നു കിലോഗ്രാം കഞ്ചാവുമായി ഇടുക്കി വാഗമൺ സ്വദേശി മുരുകൻ(39 ) ആണ് പോലീസ് പിടിയിലായത്. മൂന്നു ലക്ഷത്തോളംരൂപ വിലവരുന്ന കഞ്ചാവാണു പിടികൂടിയത്. പോലിസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ശനിയാഴ്ച വൈകിട്ട് 6.30നു തിരുവാങ്കുളത്തിനു സമീപം നടന്ന വാഹനപരിശോധനയ്ക്കിടയിലാണു യുവാവ് പിടിയിലായത്.
വിൽപ്പനയ്ക്കായിട്ടുള്ള 11 കിലോഗ്രാം കഞ്ചാവുമായി പ്രതി ബൊലേറോയിൽ എറണാകുളത്തേക്കു പോകുകയായിരുന്നു. ചെറുകിട കച്ചവടക്കാർക്കു വിതരണം ചെയ്യുന്നതിനായി കഞ്ചാവ് രണ്ടു കിലോഗ്രാം വീതമുള്ള പൊതികളിലാക്കിയാണ് വാഹനത്തിൽ സൂക്ഷിച്ചിരുന്നത്.
പത്തു വർഷത്തോളമായി തമിഴ്നാട്ടിൽനിന്ന് കൃഷിയാവശ്യങ്ങൾക്കായിട്ടുള്ള ചാണകം കൊണ്ടുവന്നു വിവിധ ജില്ലകളിൽ വിതരണം ചെയ്തു വരികയായിരുന്നു മുരുകൻ. ഇതിന്റെ മറവിൽ ആയിരുന്നു കഞ്ചാവ് കച്ചവടം. അഡ്വാൻസ് നൽകിയാൽ ആവശ്യക്കാർക്കു കേരളത്തിനു പുറത്തുനിന്ന് എത്ര കഞ്ചാവ് വേണമെങ്കിലും ഇയാൾ എത്തിച്ചു നൽകിയിരുന്നതായും പോലീസ് പറഞ്ഞു.
ചുരുങ്ങിയ കാലംകൊണ്ടു ധനികനായ പ്രതിയുടെ സാമ്പത്തിക വളർച്ച നാട്ടുകാരിൽ സംശയമുണ്ടാക്കിയിരുന്നു. കഴിഞ്ഞ ആറു മാസക്കാലമായി ഇയാളെ വിവിധ ഏജൻസികൾ നീരിക്ഷിച്ചു വരികയായിരുന്നു. തൃപ്പൂണിത്തുറ സി ഐ ഷിജുവിന്റെ നേതൃത്വത്തിലുള്ള റേഞ്ച് ആന്റി നാർക്കോട്ടിക് സ്ക്വാഡ് അംഗങ്ങളും തൃപ്പൂണിത്തുറ എസ് ഐ സനലും ചേർന്നാണു പ്രതിയെ പിടികൂടിയത്. കഴിഞ്ഞ മാസം ഇതേ സ്ക്വാഡ് അംഗങ്ങൾ 18 കിലോ കഞ്ചാവും 250 ഗ്രാം ഹാഷിഷും പിടികൂടിയിരുന്നു.
വിവിധ വിദ്യാലയങ്ങളെ ലക്ഷ്യമാക്കി വിതരണത്തിനു കൊണ്ടുവന്ന കഞ്ചാവാണ് പോലീസ് പിടികൂടിയത്. പ്രതിയെ ഇന്നലെ കോടതിയിൽ ഹാജരാക്കി. കഞ്ചാവ് കടത്തുന്നതിനായി ഉപയോഗിച്ച വാഹനം കണ്ടുകെട്ടാനുള്ള നടപടിയും സ്വീകരിക്കുമെന്ന് ജില്ലാപോലീസ് മേധാവിയും ജില്ലാ ആന്റി നാർക്കോട്ടിക് സ്ക്വാഡിന്റെ തലവനുമായ എം.പി. ദിനേശ് അറിയിച്ചു.
കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്നും ഈ ശൃംഖലയുടെ ഉറവിടത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്ന തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ പി.പി.ഷംസ് അറിയിച്ചു. ജൂണിയർ എസ്ഐ അനസ്, എഎസ്ഐ സുരേഷ്, ജോസി, മധുസൂദനൻ, സീനിയർ പോലീസ് ഓഫീസർ ബിനു, സിവിൽ പോലീസ് ഓഫീസർമാരായ സജിത്, കിഷോർ, റോബർട്ട്, ഹരി, ഡിനിൽ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.