തൃശൂർ: ന്യൂജനറേഷൻ സിന്തറ്റിക് മയക്കുമരുന്നുകളുടെ വൻ ശേഖരവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. ചാവക്കാട് പാലയൂർ സ്വദേശി നഹീമി (22) നെയാണ് തൃശൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം.എഫ്. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
140 ഗ്രാം ഹാഷിഷ് ഓയിൽ, നാല് എൽഎസ്ഡി സ്റ്റാന്പുകൾ, ആറ് എംഡിഎംഎ പിൽസ് കാൻഡി, മൂന്നു ഗ്രാം ബ്രൗണ്‍ഷുഗർ എന്നിവ ഇയാളിൽനിന്നു പിടിച്ചെടുത്തു. സംസ്ഥാനത്ത് ആദ്യമായാണ് ഒരാളിൽനിന്ന് ഇത്രയധികം വ്യത്യസ്തമായ സിന്തറ്റിക് മയക്കുമരുന്നുകൾ പിടികൂടുന്നതെന്ന് എക്സൈസ് സംഘം പറഞ്ഞു.
മയക്കുമരുന്ന് ഉപയോഗിച്ചതിനു പിടികൂടിയ കോളജ് വിദ്യാർഥികളിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് യുവാവിനെ കുടുക്കിയത്. എക്സൈസ് സംഘം കോളജ് വിദ്യാർഥിയാണെന്ന വ്യാജേന നഹീമിനെ ബന്ധപ്പെടുകയും കച്ചവടം ഉറപ്പിച്ചശേഷം മയക്കുമരുന്നുകളുമായി തൃശൂരിലെത്തിയപ്പോൾ പിടികൂടുകയുമായിരുന്നു. ആകെ മൂന്നുലക്ഷം രൂപയുടെ മയക്കുമരുന്നാണ് പിടികൂടിയത്.
ഹാഷിഷ് ഓയിൽ ഗ്രാമിന് 2500 രൂപ വീതവും, ഒരു എൽഎസ്ഡി ഫുൾ സ്റ്റാന്പിന് 4000 രൂപയും, എംഡിഎംഎ മയക്കുമരുന്ന് കാൻഡി ഒന്നിന് 2500 രൂപയും, ഒരു ഗ്രാം ബ്രൗണ്‍ഷുഗറിന് 4500 രൂപയുമാണ് ആവശ്യക്കാരിൽനിന്ന് ഈടാക്കിയിരുന്നത്. ഗോവയിൽനിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നിരുന്നത്. ഇതിനായി മാസത്തിൽ രണ്ടുതവണ ഗോവയിൽ പോവാറുള്ളതായി പ്രതി സമ്മതിച്ചു.
എക്സൈസ് ഇൻസ്പെക്ടർ എം.എഫ്. സുരേഷ്, എക്സൈസ് ഓഫീസർമാരായ ശിവശങ്കരൻ, സതീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ കൃഷ്ണപ്രസാദ്, സുനിൽ, മനോജ്, സനീഷ്, ദേവദാസ്, ബിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.