നെടുമ്പാശേരി: രണ്ട് കോടി രൂപ വില വരുന്ന മയക്കുമരുന്ന് ശേഖരം വിദേശത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായ തമിഴ്നാട് സ്വദേശികൾ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിലെ കണ്ണികളാണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.
എറണാകുളം നർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി പിടിയിലായവരെ ചോദ്യം ചെയ്തതിൽ നിന്നാണ് വിവരം ലഭിച്ചത്. എന്നാൽ ആരാണ് തങ്ങളെ മയക്കുമരുന്ന് കടത്തിന് ചുമതലപ്പെടുത്തിയതെന്ന് വ്യക്തമാക്കാൻ ഇവർ തയാറായില്ല. ആവർത്തിച്ചുള്ള ചോദ്യത്തിനും ആളെ അറിയില്ല എന്നായിരുന്നു മറുപടി.
തിങ്കളാഴ്ച്ചയാണ് മയക്കുമരുന്നുമായി തമിഴ്നാട് സ്വദേശികളായ ഷംസുദ്ദീൻ അഷ്റഫ് അലി (35), മുഹമ്മദ് അർഷാദ് (29), മുഹമ്മദ് അമീൻ (35) എന്നിവർ പിടിയിലായത്. വിദേശ വിപണിയിൽ വൻ ഡിമാൻഡ് ഉള്ള 850 ഗ്രാം മെതാംഫെറ്റാമൈൻ മയക്കുമരുന്നാണ് ഇവരിൽനിന്നും കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗവും സിഐഎസ്എഫും ചേർന്ന് പിടികൂടിയത്.
കൂടുതൽ അന്വേഷണങ്ങൾക്കായി പ്രതികളെ നർകോട്ടിക് കൺട്രോൾ വിഭാഗത്തിന് കൈമാറുകയായിരുന്നു. എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ വ്യക്തമാകും. മലേഷ്യ, ദോഹ എന്നിവിടങ്ങളിലേക്കാണ് ഇവർ മയക്കുമരുന്ന് കടത്താൻ ശ്രമം നടത്തിയത്.
നെടുമ്പാശേരി വിമാനത്താവളം വഴി രണ്ട് വിദേശ രാജ്യങ്ങളിലേക്ക് ഒരേ സമയം മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്ന സംഘം പിടിയിലാകുന്നതും ഇതാദ്യമാണ്. പിടിയിലായവരുടെ പാസ്പോർട്ട് പരിശോധിച്ചതിൽനിന്നും മുൻപും പല തവണ ഇവർ വിദേശ യാത്രകൾ നടത്തിയതായും വ്യക്തമായിട്ടുണ്ട്.