നെയ്യാറ്റിന്‍കര: കഞ്ചാവ് കടത്തു സംഘത്തിലെ രണ്ടു പേരെ നെയ്യാറ്റിന്‍കരയില്‍ നിന്ന് നാര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് അറസ്റ്റ് ചെയ്തു.
നെയ്യാറ്റിന്‍കരയിലെ ഒരു സ്വകാര്യ ആശുപത്രിയുടെ വാഹന പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ കഞ്ചാവ് കൈമാറുന്നതായി സ്പെഷല്‍ സ്ക്വാഡിന് വിവരം ലഭിച്ചിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ പാർക്ക് ചെയ്തിരുന്ന സ്കോര്‍പ്പിയോ കാറിലുള്ളവർക്ക് ബുള്ളറ്റിലെത്തിയയാള് കഞ്ചാവ് പായ്ക്കറ്റ് കൈമാറുകയായിരുന്നു.
സ്പെഷല്‍ സ്ക്വാഡ് അംഗങ്ങൾ എത്തിയപ്പോഴേക്കും കാറിലുള്ളവർ രക്ഷപ്പെട്ടു.സംഭവത്തിൽ ശിവനെന്നയാളെ സ്ക്വാഡ് അറസ്റ്റ് ചെയ്തു.ഇയാൾ സ്പിരിറ്റ് കേസിലെ പ്രതിയാണെന്ന് അധികൃതർ പറഞ്ഞു.
കാറിൽ രക്ഷപ്പെട്ടവരെ പിന്തുടര്ന്നെങ്കിലും കള്ളിക്കാടിനു സമീപം വാഹനം ഉപേക്ഷിച്ച് പ്രതികള്‍ മുങ്ങുകയായിരുന്നുവെന്ന് റെയ്ഡിന് നേതൃത്വം നല്കിയ സ്ക്വാഡ് സിഐ അനികുമാര്‍ പറഞ്ഞു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കടകന്പിനു സമീപമുള്ള മനോജിന്റെ വീട്ടില്‍ നിന്ന് 18 പാക്കറ്റുകളിലായി 22.5 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. സംഭവത്തിൽ മനോജിനെ അറസ്റ്റ് ചെയ്തു.
ബുള്ളറ്റില്‍ കൊണ്ടുവന്ന രണ്ടര കിലോഗ്രാം കഞ്ചാവും കൂടി ആകെ 25 കിലോഗ്രാം ലഭിച്ചതായി സ്പെഷല്‍ സ്ക്വാഡ് അറിയിച്ചു. നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ ശിവനെയും മനോജിനെയും റിമാന്‍ഡ് ചെയ്തു.
ഇവരുടെ സംഘത്തലവനെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും സംഘാംഗങ്ങളെകുറിച്ച് അന്വേഷണം ആരംഭിച്ചതായും സ്പെഷല്‍ സ്ക്വാഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.