കോട്ടയം: കണ്ടാൽ മാന്യൻ, മഫ്തി പോലീസ് വേഷം. പ്രധാന ഇടപാട് കഞ്ചാവ് കച്ചവടം. ഇന്നലെ പിടിയിലായ കാരാപ്പുഴയിൽ വാടകയ്ക്കു താമസിക്കുന്ന പൊന്നാനി പുതിയരുത്തി വൈദ്യരത്ത് വി. നൗഷാദാ (ചാവക്കാട് നൗഷാദ്-40)ണു എക്സൈസിനെയും പോലീസിനെയും കബളിപ്പിച്ചു നടന്നത്.
രണ്ടു വർഷങ്ങൾക്കു മുന്പ് എറണാകുളത്തുവച്ച് പരിചയപ്പെട്ട കോട്ടയം തിരുവാതുക്കൽ സ്വദേശിനിയായ യുവതിയുമായി നൗഷാദ് നല്ല അടുപ്പത്തിലായിരുന്നു.
ഇവരെ കാണാനെത്തുന്പോഴാണു നൗഷാദിനെ രണ്ടു കിലോഗ്രാം കഞ്ചാവുമായി പിടികൂടിയതെന്ന് എക്സൈസ് പറഞ്ഞു. ഇന്നലെ തിരുവാതുക്കലിലെ വാടകവീട്ടിൽവച്ച് ഇടപാടുകാരന് കഞ്ചാവ് കൈമാറാനായിരുന്നു ശ്രമം.
കോയന്പത്തൂരിൽ നിന്നാണ് 9000 മുതൽ 20,000 രൂപവരെ വിലയുള്ള കഞ്ചാവ് വാങ്ങുന്നത്. കോട്ടയത്ത് ഈ കഞ്ചാവ് 50,000 രൂപയ്ക്കാണു വിൽപ്പന നടത്തിയിരുന്നത്.
മഫ്തി പോലീസ് ചമഞ്ഞാണ് ഇയാൾ യാത്ര നടത്തിയിരുന്നത്. കന്പത്തുനിന്നും വാങ്ങിയ കഞ്ചാവുമായി മധുര-കോയന്പത്തൂർ -പാലക്കാട് വഴിയുള്ള കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലാണു ഇയാൾ കോട്ടയത്ത് എത്തിയത്.
പോലീസ് മാതൃകയിൽ മുടി വെട്ടി ഷൂസും പാന്റ്സും ധരിച്ച ഇയാളെ ഉദ്യോഗസ്ഥർക്ക് ആദ്യം സംശയം തോന്നിയിരുന്നില്ല. വിശദപരിശോധനയിലാണു പിടിയിലായത്. കോട്ടയത്തെ സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് വിൽപ്പനയ്ക്കെത്തിച്ചതാണു കഞ്ചാവ്.
രണ്ടു വർഷം മുന്പ് കോട്ടയത്തുനിന്നും ഒന്നര കിലോ കഞ്ചാവ് കണ്ടെടുത്ത കേസിൽ പ്രതിയാണ്. നൗഷാദിനെതിരെ എറണാകുളത്ത് ആറു കേസുകളുണ്ട്. 13 വർഷമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.
എക്സൈസ് സിഐ മോഹനൻ നായർ, പ്രിവന്റീവ് ഓഫിസർമാരായ എ. കൃഷ്ണകുമാർ, ടി.എസ്. സുരേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ നിഫി ജേക്കബ്, എസ്. രാജേഷ്, കെ.വി. അജിത് കുമാർ, അനൂപ് വിജയൻ, എം.എം. മോഹൻദാസ്, സി.കെ. അനസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.