പരപ്പനങ്ങാടി: അരിയല്ലൂർ ബീച്ചിൽ കഞ്ചാവ് വിൽപ്പനയ്ക്കിടെ പിടിയിലായ യുവാവ് രക്ഷപ്പെടാനായി കടലില്‍ ചാടിയെങ്കിലും പിന്നാലെ ചാടിയ എക്സൈസുകാര് നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. പുരക്കൽ നൗഷാദ് എന്നയാളാണ് രക്ഷപ്പെടുന്നതിനായി കടലിൽ ചാടിയത്.
വെള്ളിയാഴ്ച രാത്രി ഒന്പതിനു പ്രതിയുടെ വീടിന്റെ പരിസരത്ത് ഇരുട്ടിൽ മറഞ്ഞിരുന്ന എക്സൈസുകാർ പ്രതി കഞ്ചാവ് കൈമാറുന്നതിനിടെ പിടികൂടുകയായിരുന്നു. എക്സൈസുകാർ കഞ്ചാവ് പരിശോധിക്കുന്നതിനിടെ കടൽഭിത്തി ചാടിക്കടന്നു ഇയാൾ കടലിലേക്ക് ചാടി.
തുടർന്നു നീന്തി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന എക്സൈസുകാർ പുതിയ പാലത്തിനു സമീപം വച്ച് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതി നൗഷാദിനും രണ്ട് എക്സൈസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുമുണ്ട്. പരിക്കേറ്റവരെ തിരുരങ്ങാടി താലുക്ക് ആശുപത്രിയിൽ ചികിത്സക്ക് വിധേയരാക്കി.