പാലക്കാട്: ആന്ധ്രയില്‍നിന്നു കേരളത്തിലേക്കു കൊണ്ടുവന്ന 35 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേരെ റിമാൻഡ് ചെയ്തു. മലപ്പുറം പൊന്നാനി സ്വദേശി ഷബാസ്, ചാവക്കാട് കടപ്പുറം സ്വദേശി ഷാഹിദ് എന്നിവരെയാണ് രഹസ്യവിവരത്തെത്തുടര്‍ന്നു പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും ഡയറക്ടറേറ്റ് ഓഫ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിൽ അറസ്റ്റുചെയ്തത്. ഇവരുടെ ബാഗിനുള്ളില്‍നിന്നു കഞ്ചാവ് കണ്ടെടുത്തു.
ആന്ധ്ര രാജമുന്ദ്രിയില്നിന്നാണു കഞ്ചാവ് കൊണ്ടുവന്നത്. വിജയവാഡവഴി തിരിപ്പൂരെത്തി അവിടെനിന്നു ചെന്നൈ-മംഗലാപുരം എക്സ്പ്രസിലാണു കേരളത്തിലേക്കു കടത്തിയത്. പിടിക്കപ്പെടുന്നത് ഒഴിവാക്കാന്‍ ട്രെയിനുകള്‍ മാറിയായിരുന്നു യാത്ര. പൊന്നാനിയിലെത്തിച്ചശേഷം അവിടെവച്ചു മറ്റൊരാള്‍ക്കു കൈമാറാനായിരുന്നു നിര്‍ദേശം. ഇയാളെ പിടികൂടാനുള്ള ശ്രമം തുടങ്ങിയതായും ഡിആര്‍ഐ അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞദിവസം അടിമാലിയില്‍നിന്നു പിടിച്ച അഞ്ചുകോടിയുടെ ഹാഷിഷും ആന്ധ്രയില്നിന്നുതന്നെയാണു കൊണ്ടുവന്നതെന്നു തെളിഞ്ഞിരുന്നു. ഇതുസംബന്ധിച്ചു നടത്തിയ അന്വേഷണമാണു കഞ്ചാവുവേട്ടയിലേക്കു നയിച്ചത്. അറസ്റ്റിലായ ഷബാസ് നേരത്തെയും മയക്കുമരുന്നുകേസില്‍ അറസ്റ്റിലായിട്ടുണ്ട്. പിടികൂടിയ പ്രതികളെ എറണാകുളം കുന്നുംപുറം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.