പാലക്കാട്: നഗരത്തിലും ഒലവക്കോട് റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചുെ കഞ്ചാവ് വിപണനത്തിനെത്തിയ നാലുയുവാക്കളെ പോലീസ് അറസ്റ്റിൽ. ഇവരുടെ പക്കൽ നിന്നും 2.500 കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസത്തുനിന്നും മൂന്നു കണ്ണൂർ സ്വദേശികളാണ് അറസ്റ്റിലായത്. കണ്ണൂർ താഴെ ചൊവ്വ സ്വദേശികളായ അദ്നാൻ (22), ഷഫീർ (22), ഫർഹാൻ (22) എന്നിവരാണ് അറസ്റ്റിലായത്. കോയന്പത്തൂരിൽ നിന്നും കഞ്ചാവുമായി ഒലവക്കോടു വന്നിറങ്ങിയ സമയത്തായിരുന്നു അറസ്റ്റ്.
ഇവരുടെ പക്കലുണ്ടായിരുന്ന ബാഗിൽനിന്നും 1. 300 ഗ്രാം കഞ്ചാവ് റെയിൽവേ പോലീസ് സ്ക്വാഡ് അംഗം സജി അഗസ്റ്റിന്റെ സഹായത്തോടെ നോർത്ത് പോലീസ് പിടിച്ചെടുത്തു. സ്കൂൾ, കോളേജ് വിദ്യാർഥികൾക്കിടയിൽ കഞ്ചാവ് കച്ചവടം നടത്തുന്ന ശൃംഖലയിലെ കണ്ണികളാണിവർ, ചില്ലറ വിപണിയിൽ ഒരു കിലോ കഞ്ചാവിന് ഏകദേശം 30,000 രൂപ വില വരും.
ഇന്നലെ രാവിലെയാണു പാലക്കാട് ടൗണ്‍ റെയിൽവേ സ്റ്റേഷനു മുന്നിൽവച്ചു തമിഴ്നാട് സ്വദേശിയെ കഞ്ചാവുമായി അറസ്റ്റു ചെയ്തത്. മധുരൈ ഉസിലം പട്ടി മേക്കലർപട്ടി സ്വദേശി ആസൈ കൊടി (26) യെയാണ് 1.200 കഞ്ചാവുമായി പിടികൂടിയത്. പാലക്കാട് ചില്ലറ കച്ചവടക്കാർക്ക് കഞ്ചാവെത്തിച്ചു കൊടുക്കുന്ന കന്പം-തേനി കഞ്ചാവ് മാഫിയയുടെ ഏജന്റാണ് ആസൈകൊടി. പാലക്കാട് , തൃശൂർ, എറണാകുളം ജില്ലകളിലേക്കു തേനിയിൽനിന്നും ഇത്തരം ഏജന്റുമാർ കഞ്ചാവെത്തിച്ചു കൊടുക്കാറുണ്ട്.
സ്കൂൾ-കോളേജ് വിദ്യാർഥികൾ, അന്യസംസ്ഥാന തൊഴിലാളികൾ എന്നിവരെ കേന്ദ്രീകരിച്ചാണു പ്രധാനമായും കഞ്ചാവു വിപണനം നടക്കുന്നത്. കോളേജ് വിദ്യാർഥികളെയാണു കഞ്ചാവ് കടത്തിനായി പ്രധാനമായും കഞ്ചാവ് മാഫിയ ഉപയോഗിച്ചു വരുന്നത്.ടൗണ്‍ നോർത്ത് സിഐ ആർ. ശിവശങ്കരൻ, എസ്ഐആർ രഞ്ജിത്, ജൂണിയർ എസ്ഐ പ്രദീപ് കുമാർ, ക്രൈം സ്ക്വാഡ് അംഗങ്ങളായ കെ. നന്ദകുമാർ, ആർ. കിഷോർ, എം. സുനിൽ, കെ. അഹമ്മദ് കബീർ, ആർ. വിനീഷ്, ആർ. രജീദ് എന്നിവരടങ്ങിയ സംഘമാണു പ്രതികളെ അറസ്റ്റു ചെയ്തത്.
നഗരപ്രദേശങ്ങൾ കേന്ദ്രീകരിച്ചു ലഹരി, കഞ്ചാവ് കച്ചവടക്കാരെ പിടികൂടുന്നതിന് എഎസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലാണു പ്രത്യേക സ്ക്വാഡ് പ്രവർത്തിച്ചു വരുന്നത്. മണ്ണാർക്കാട് നഗരത്തിൽ കഞ്ചാവ് വില്പന നടത്തുന്നയാളെ ഇന്നലെ പോലീസ് പിടികൂടി. പള്ളിക്കുറുപ്പ് എരുമതോണിയിൽ പാലതോണി വീട്ടിൽ ജാബിറിനെ (22) യാണു പിടികൂടിയത്. ഇയാളിൽ നിന്നും 65 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.