പാലക്കാട്: തമിഴ്നാട്ടിൽ നിന്നും ജില്ലയുടെ വിവിധ അതിർത്തികൾ കടന്ന് കഞ്ചാവൊഴുകുന്നു. ദിവസവും കിലോക്കണക്കിന് കഞ്ചാവാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പിടികൂടുന്നത്. ഇന്നലെ മാത്രം 14. 5 കിലോ കഞ്ചാവാണ് പിടികൂടിയത്. അഞ്ചുപേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ കുറച്ചുമാസങ്ങളായി നൂറുകണക്കിന് കിലോ കഞ്ചാവ് പിടികൂടിയിട്ടുണ്ട്. കൊല്ലങ്കോട്, വാളയാർ, ആനമൂളി പാലക്കാട് ടൗണ്‍ എന്നിവിടങ്ങളിൽ നിന്നാണ് ഇന്നലെ കഞ്ചാവ് പിടിച്ചത്.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലേക്കാണ് കഞ്ചാവ് എത്തിക്കുന്നത്. മൊത്തക്കച്ചവടവും ചില്ലറ വില്പനയും ഉദ്ദേശിച്ച് കഞ്ചാവ് എത്തുന്നുണ്ട്. കോളജ് വിദ്യാർഥികൾ അടക്കമുള്ള യുവാക്കളാണ് കരിയർമാരായി പ്രവർത്തിക്കുന്നത്. കോളജ് വിദ്യാർഥികൾക്കും വാഹനഡ്രൈവർമാർക്കും വേണ്ടിയാണ് കഞ്ചാവ് പ്രധാനമായും എത്തിക്കുന്നത്.
തമിഴ്നാട്ടിൽ നിന്നും കുറഞ്ഞ വിലയ്ക്ക് മൊത്തമായി വാങ്ങുന്ന കഞ്ചാവ് കേരളത്തിലെത്തിച്ച് ചെറിയ പൊതികളാക്കി ചില്ലറ വില്പന നടത്തുകയാണ് ചെയ്യുന്നത്. തമിഴ്നാട്ടിൽ നിന്നും വാങ്ങുന്ന കഞ്ചാവ് നാലിരട്ടി വരെ വില കൂട്ടിയാണ് വില്പന നടത്തുന്നത്.
ദിവസവും കഞ്ചാവൊഴുകുന്പോഴും വളരെ കുറച്ചുമാത്രമാണ് അധികൃതർക്ക് പിടികൂടാൻ കഴിയുന്നത്. ആഡംബര ജീവിതം നയിക്കാനായി ഭാവി പോലും നോക്കാതെ കോളജ് വിദ്യാർഥികൾ കഞ്ചാവ് കരിയർമാരായി പ്രവർത്തിക്കാൻ സന്നദ്ധരാകുന്നതായി എക്സൈസ്, പോലീസ് അധികൃതർ ചൂണ്ടിക്കാട്ടുന്നു.