ചങ്ങനാശേരി: സ്കൂൾ പരിസരത്ത് കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടയിൽ വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതികളായ യുവാക്കൾ പോലീസ് പിടിയിലായി. തൃക്കൊടിത്താനം മറ്റക്കാട്ട് പറന്പിൽ പ്രതീഷ് (പല്ലൻ പ്രതീഷ്-23), പാറയിൽ അജേഷ് (24), പുത്തൻവീട്ടിൽ അഭിജിത്ത് (23) എന്നിവരെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ കൈയിൽനിന്ന് 70 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
പായിപ്പാട് ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂൾ പരിസരത്തുനിന്നുമാണ് ഇന്നലെ വൈകുന്നേരം ഇവരെ അറസ്റ്റ് ചെയ്തത്. കോട്ടയം എസ്പി ഹരിശങ്കറിന്റെ പ്രത്യേക നിർദേശപ്രകാരം സ്കൂൾ പരിസരങ്ങളിൽ കഞ്ചാവ് വിൽപ്പന നിരീക്ഷിക്കുന്നതിനിടയിലാണ് സംഘത്തെ പിടികൂടിയത്.
ചങ്ങനാശേരി ഡിവൈഎസ്പി സുരേഷ്കുമാർ, തൃക്കൊടിത്താനം എസ്ഐ റിച്ചാർഡ് വർഗീസ്, പോലീസുകാരായ ഡെന്നി ചെറിയാൻ, ആന്റണി, പ്രദീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും.
ചങ്ങനാശേരി: ഫാത്തിമാപുരം കുന്നക്കാട്ട് ഭാഗത്ത് ചെറുറോഡുകളിൽ കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന യുവാവിനെ ചങ്ങനാശേരി പോലീസ് അറസ്റ്റു ചെയ്തു. കുന്നക്കാട്ട് സ്വദേശി അഫ്സൽ അസീസ് (29) ആണ് അറസ്റ്റിലായത്. ഇയാളുടെ കൈയിൽനിന്നു 100 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്.
ആളുകളുമായി ഫോണിൽ ബന്ധപ്പെട്ടാണ് ഇയാൾ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. വൈകുന്നേരങ്ങളിലാണ് സാധാരണ ഇയാളുടെ കഞ്ചാവ് വിൽപ്പനയെന്നു പോലീസ് പറഞ്ഞു.ചങ്ങനാശേരി ഡിവൈഎസ്പി സുരേഷ്കുമാർ, സിഐ കെ.പി. വിനോദ്, എസ്ഐ അഭിലാഷ്, അഡീഷണൽ എസ്ഐ കൃഷ്ണൻകുട്ടി, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷെഫീക്ക് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്നു കോടതിയിൽ ഹാജരാക്കും.