പാലക്കാട്: എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടറും സംഘവും വാളയാർ ടോൾ പ്ലാസയ്ക്കുസമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെ ആഡംബര ബൈക്കിൽ കടത്തിയ 16 എൽഎസ്ഡി സ്റ്റാന്പും അഞ്ചുഗ്രാം ഹാഷിഷ് ഓയിലുമായി വന്ന യുവാവിനെ പിടികൂടി. എറണാകുളം കളമശേരി സ്വദേശി പ്രബോധിനെ (21)യാണ് അറസ്റ്റുചെയ്തത്.
കാലിഫോർണിയ ഒന്പത് എന്ന അറിയപ്പെടുന്ന ഒരു സ്റ്റാന്പിൽ 360 മൈക്രോഗ്രാം ലൈസർജിക് ആസിഡ് അടങ്ങിയിരിക്കുന്നു. 36 മണിക്കൂർവരെ വീര്യം നല്കുന്ന സ്റ്റാന്പ് 100 മില്ലിഗ്രാമിൽ കൂടുതൽ കൈവശം വച്ചാൽ 20 വർഷംവരെ തടവ് ലഭിക്കും.കഴിഞ്ഞദിവസം എറണാകുളം എക്സൈസ് സ്പെഷൽ സ്ക്വാഡ് ഒന്പത് എൽഎസ്ഡി സ്റ്റാന്പുമായി അറസ്റ്റുചെയ്ത പ്രതിയിൽനിന്നാണ് ബാംഗളൂരിൽനിന്നും ആഡംബര ബൈക്കിൽ അടിവസ്ത്രത്തിൽ എൽഎസ്ഡി പോലുള്ള ലഹരിവസ്തു കടത്തുന്ന വിവരം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ വി.രാജാസിംഗിന് നല്കിയത്.
ഇതേ തുടർന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ലഹരിക്കടത്ത് തടയാൻ തുടങ്ങിയ ’ഓപ്പറേഷൻ ഹോളിഡേ’യുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. അടിവസ്ത്രത്തിൽ പ്രത്യേക അറ നിർമിച്ചാണ് എൽഎസ്ഡിയും ഹാഷിഷ് ഓയിലും സൂക്ഷിച്ചിരുന്നത്. എക്സൈസിന്റെയും പോലീസിന്റെയും വാഹന പരിശോധനയിൽനിന്നും രക്ഷപ്പെടാൻ ഇറ്റാലിയിൽ നിർമിത ആഡംബര ബൈക്കാണ് പ്രതി ഉപയോഗിച്ചത്.
നേരിട്ട് നാക്കിൽ ഒട്ടിക്കുന്ന എൽഎസ്ഡി സ്റ്റാന്പ് ഡിജെ പാർട്ടികളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ലഹരിയായി മാറിയിരിക്കുകയാണ്. ഈസ്റ്ററിനോട് അനുബന്ധിച്ച് എറണാകുളത്ത് നടക്കുന്ന പാർട്ടിയിൽ വിതരണത്തിനാണ്കൊണ്ടുവന്നതെന്ന് പ്രതി വ്യക്തമാക്കി. ബെൽജിയത്തിൽനിന്നുള്ള ഒരു ഓണ്ലൈൻ സൈറ്റിൽ നിന്നാണ് ഇത്തരത്തിലുള്ള മയക്കുമരുന്ന് ബാംഗളൂരിൽ എത്തുന്നതെന്നും ഇതിനു പിന്നിലെ 23 കാരനായ മലയാളിയെക്കുറിച്ചുള്ള വിവരവും ലഭിച്ചു.
പരിശോധനയിൽ സർക്കിൾ ഇൻസ്പെക്ടർ എം.രാകേഷ്, എക്സൈസ് ഇൻസ്പെക്ടർ ടി.രാജീവ്, പ്രിവന്റീവ് ഓഫീസർ എ.കെ.സുമേഷ് കോങ്ങാട്, സി.ജയചന്ദ്രൻ, മനോജ് ഏഴുമുറി സിവിൽ എക്സൈസ് ഓഫീസർമാരായ ആർ.എസ്.സുരേഷ്, കെ.പുഷ്കരൻ, കെ.ഷിനോജ്, പ്രതാപസിംഹൻ, വിനു, ശ്രീകുമാർ, സ്മിത, ലിസി മുണ്ടൂർ, ശെൽവകുമാർ പ്ലാക്കൽ പങ്കെടുത്തു.