മാവേലിക്കര: 3.5 കിലോ കഞ്ചാവുമായി യുവാവ് മാവേലിക്കര പോലീസിന്റെ പിടിയിലായി. കായംകുളം, പെരിങ്ങാല കൊയ്പ്പള്ളി കാരാഴ്മ ഭാഗത്ത് മാടന്പത്ത് വീട്ടിൽ പ്രദീപ് നന്ദനൻ (35) ആണ് പിടിയിലായത്.
എറണാകുളം റേഞ്ച് ഡിഐജി നീരജ് ഗുപ്ത ഐപിഎസിന്റെ നിർദ്ദേശപ്രകാരം ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി. ജയ്ദേവ് ഐപിഎസ് നടത്തുന്ന എൻ.ഡി.പി.എസ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ചെങ്ങന്നൂർ ഡിവൈഎസ്പി ആർ. ജോസിന്റെ നേതൃത്വത്തിൽ മാവേലിക്കരയിൽ നടത്തിയ രഹസ്യ ഓപ്പറേഷനിലൂടെയാണ് ഇയാളെ പിടികൂടിയത്.
24ന് വൈകിട്ട് കുറഞ്ഞ അളവിൽ കഞ്ചാവുമായി 21കാരനെ കല്ലുമലയിൽ നിന്നും പിടികൂടിയിരുന്നു.ഇയാൾക്ക് കഞ്ചാവ് സ്ഥിരമായി എത്തിക്കുന്നത് ഓട്ടോറിക്ഷയിൽ വരുന്ന വികലാംഗനായ യുവാവാണ് എന്ന വിവരം പോലീസിനു ലഭിച്ചിരുന്നു.
തുടർന്ന് നടത്തിയ രഹസ്യ നീക്കത്തിനൊടുവിൽ രാത്രി 10.15ന് മാവേലിക്കര സി.ഐ സി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം മാവേലിക്കര ബിവറേജസിനടുത്ത് വച്ച് ഓട്ടോറിക്ഷയിൽ വന്ന പ്രതിയെ പിടികൂടി. ഓട്ടോയിൽ ഒളിപ്പിച്ചിരിക്കുകയായിരുന്ന 3.5 കിലോ കഞ്ചാവ് കണ്ടെടുത്തു.
തൃശൂരിൽ കൊരട്ടി, ചാലക്കുടി എന്നീ പോലീസ് സ്റ്റേഷനുകളിൽ മോഷണം, പിടിച്ചുപറി, കവർച്ച തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയായ ഇയാൾ 5 വർഷമായി കൊയ്പ്പള്ളി കാരാഴ്മയിൽ വീടുവച്ച് താമസിക്കുകയാണ്.
തമിഴ്നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നും കഞ്ചാവ് കൊണ്ടു വന്ന് ചില്ലറ വിൽപ്പന നടത്തി വന്നിരുന്ന ഇയാൾ ക ഞ്ചാവ് മാഫിയയുടെ പ്രധാന കണ്ണിയാണ്.
മാവേലിക്കര സിഐ സി.ശ്രീജിത്തിനൊപ്പം എസ്ഐമാരായ സിയാദ് എ. ഇ, ആനന്ദകുമാർ.ആർ, എസ്സിപിഒ രാജേഷ് കുമാർ ആർ, സിപിഒമാരായ ഗിരീഷ് ലാൽ വി.വി, സജു കുമാർ എസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണങ്ങൾ നടത്തുന്നതാണെന്ന് പോലീസ് അറിയിച്ചു.